കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസിന്റെ രാഷ്ട്രീയപ്രസ്താവനകളോട് പ്രതികരിക്കാനില്ല: ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ ഡോ.പ്രഭുദാസിന്റെ ആരോപണം.

Update: 2021-12-06 11:44 GMT

തിരുവനന്തപുരം: അട്ടപ്പാടി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രീയപ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യമന്ത്രിക്കൊപ്പമുള്ളവര്‍ അഴിമതിക്കാരാണെന്നും ഇത് തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ ഡോ.പ്രഭുദാസിന്റെ ആരോപണം.

എന്നാല്‍, ഈ വിഷയത്തില്‍ തല്‍ക്കാലം പ്രതികരിക്കാനില്ല. അട്ടപ്പാടിയിലെ ഫീല്‍ഡ് തല പ്രവര്‍ത്തനം എങ്ങനെ നടക്കുന്നു എന്ന് വിലയിരുത്തുന്നതിനാണ് അവിടെ പോയതെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, ഒമിക്രോണ്‍ വിവരങ്ങള്‍ നല്‍കുന്നതിന് ഡി.എം.ഒമാര്‍ക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഒമിക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ്. മഹാമാരി പല ജില്ലകളിലും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ ഈ കണക്കുകള്‍ സംസ്ഥാനത്തിന്റെ പൊതുവിവരമായി കാണാന്‍ പാടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും അല്ലാത്തപ്പോള്‍ താന്‍ പറയുന്നത് കേള്‍ക്കാന്‍ പോലും ആരും തയ്യാറാകില്ലെന്നും പ്രഭുദാസ് പറഞ്ഞിരുന്നു. തന്നെ അഴിമതിക്കാരനാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. എന്നെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാണ് താല്‍പര്യമെങ്കില്‍ സന്തോഷമേയുള്ളുവെന്നും ഡോ. പ്രഭുദാസ് പറഞ്ഞു.

സൂപ്രണ്ടിനെ ഒഴിവാക്കിയതല്ലെന്നും തിരുവനന്തപുരത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ യോഗം നേരത്തെ നിശ്ചയിച്ചതായിരുന്നെന്നും തന്റെ സന്ദര്‍ശനം പെട്ടെന്നുണ്ടായതാണെന്നും മന്ത്രി വീണാ ജോര്‍ജ്ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പക്ഷേ, തിരുവനന്തപുരത്ത് അങ്ങനെയൊരു യോഗംതന്നെ ഉണ്ടായിരുന്നില്ലെന്നായിരുന്നു പ്രഭുദാസിന്റെ പ്രതികരണം.

Tags:    

Similar News