കൈക്കൂലി വാങ്ങാന്‍ ഗ്യാസ് ഏജന്‍സി ഉടമയുടെ വീട്ടിലെത്തിയ ഐഒസി ഡിജിഎം അറസ്റ്റില്‍
തിരുവന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ഡിജിഎം അലക്‌സ് മാത്യു അറസ്റ്റില്‍. കൊല്ലം കടയ്ക്കലിലെ ഗ്യാസ് എജന്‍സി ഉടമ മനോജിന്റെ കവടിയാറിലെ വീട്ടില്‍ നിന്നാണ് അലക്‌സ് മാത്യുവിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റാതിരിക്കാന്‍ 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു മനോജിന്റെ പരാതി.
ഐഒസിക്ക് കീഴില്‍ നിരവധി ഗ്യാസ് ഏജന്‍സികളുടെ ഉടമയാണ് മനോജ്. എന്നാല്‍ പുതുതായി വന്ന മറ്റു ഗ്യാസ് ഏജന്‍സികളിലേക്ക് മനോജിന്റെ ഉപഭോക്താക്കളില്‍ നിരവധി പേരെ മാറ്റിയിരുന്നു. ഇനിയും ഇരുപതിനായിരത്തോളം ഉപഭോക്താക്കളെ മാറ്റുമെന്നും അതു ചെയ്യാതിരിക്കാന്‍ പണം നല്‍കണമെന്നുമായിരുന്നു അലക്‌സ് മാത്യുവിന്റെ ആവശ്യം. ഇതിനായാണ് പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടത്.
തിരുവനന്തപുരത്ത് എത്തുമ്പോള്‍ പണം നല്‍കണമെന്നായിരുന്നു മനോജും അലക്‌സ് മാത്യവും തമ്മിലുള്ള ധാരണ. എന്നാല്‍ മനോജ് ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. മനോജിന്റെ വീട്ടിലെത്തി അലക്‌സ് മാത്യു പണം കൈപ്പറ്റിയ ഉടന്‍ വിജിലന്‍സെത്തി പരിശോധിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ് വ്യക്തമാക്കി.