കൊവിഡ് പ്രോട്ടോകോള്‍ ലംഘനം; വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഇളവിന്റെ പശ്ചാത്തലത്തില്‍ വ്യാപര സ്ഥാപനങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന.
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം മിന്നല്‍ പരിശോധന നടത്തി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഇളവിന്റെ പശ്ചാത്തലത്തില്‍ വ്യാപര സ്ഥാപനങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന. 150 ഓളം കടകള്‍ പരിശോധിച്ചതില്‍ രണ്ട് കടകളുടെ പ്രവര്‍ത്തനാനുമതി താല്‍കാലികമായി നിര്‍ത്തിവയ്പ്പിച്ചു. വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി 30,000 രൂപ പിഴയും ചുമത്തി.
കൊവിഡ് പ്രോട്ടോക്കോള്‍ ശരിയായ രീതിയില്‍ പാലിക്കാതെ കൂടുതല്‍ സ്റ്റാഫുകളെ നിയോഗിച്ചിട്ടുള്ള സ്ഥാപനങ്ങള്‍, സാനിറ്റൈസര്‍ കരുതാത്ത സ്ഥാപനങ്ങള്‍, മാസ്‌ക് ധരിക്കാതെയും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താതെയും പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍, കൈ കഴുകാനുള്ള സോപ്പ് വെള്ളം എന്നിവ സജ്ജീകരിച്ചിട്ടില്ലാത്ത സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് നടപടി എടുത്തത്. ജീവനക്കാര്‍ മാസ്‌ക്ക് ധരിക്കാത്തതായി കണ്ടെത്തിയ രണ്ട് കടയുടമകള്‍ക്കെതിരെ പിഴ ചുമത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂടുതല്‍ ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
മെഡിക്കല്‍ ഷോപ്പ് പരിശോധയില്‍ കണ്ടെത്തിയ അപാകതകളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുളള നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. കൊവിഡ് പ്രോട്ടോക്കോള്‍/ബ്രേക്ക് ദ ചെയിന്‍ ലംഘനം തുടര്‍ പരിശോധനയില്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുളള തുടര്‍ നടപടികള്‍ സ്വീകരിക്കും. വരും ദിവസങ്ങളില്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കുമെന്നും താലൂക്ക് തലങ്ങളിലേക്കും റെയ്ഡുകള്‍ വ്യാപിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.