യൂനിസെഫിന്റെ പേരില്‍ പ്രചരിക്കുന്ന കൊറോണ വൈറസ് മാര്‍ഗനിര്‍ദേശം വ്യാജം
സന്ദേശത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണെങ്കിലും സന്ദേശം യൂനിസെഫിന്റെ പേരില്‍ വ്യാജമായി നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് അറിയുന്നത്.
ന്യൂഡല്‍ഹി: യൂനിസെഫിന്റെ പേരില്‍ കൊറോണ വൈറസിനെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും പ്രചരിക്കുന്ന വാട്‌സ് ആപ് സന്ദേശം വ്യാജമാണെന്ന് റിപോര്‍ട്ട്. ഇന്റര്‍നെറ്റിലെ വ്യാജവാര്‍ത്തകള്‍ പരിശോധിക്കുന്ന ഡാറ്റക്വസ്റ്റ് ആണ് ഇത് കണ്ടെത്തിയത്. ഈ സന്ദേശത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ ശരിയാണെങ്കിലും സന്ദേശം യൂനിസെഫിന്റെ പേരില്‍ വ്യാജമായി നിര്‍മ്മിക്കപ്പെട്ടതാണെന്നാണ് അറിയുന്നത്.
പ്രചരിക്കുന്ന സന്ദേശം താഴെ കൊടുക്കുന്നു:
''കൊറോണ വൈറസിന്റെ വലിപ്പം 400ഉം 500ഉം മൈക്രോണിനുളളിലാണ്. മാസ്‌കുകള്‍ ഉപയോഗിക്കുന്നതു വഴി ഇവയുടെ പ്രസരണം തടയാം. കൊറോണ വൈറസ് വായുവിലൂടെ പ്രസരിക്കുകയില്ല.
കൊറോണ വൈറസ് ഒരു ലോഹപ്രതലത്തിലെത്തിയാല്‍ അവിടെ 12 മണിക്കൂര്‍ വരെ നശിക്കാതെയിരിക്കും. കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയാണെങ്കില്‍ വൈറസിനെ പ്രതിരോധിക്കാനാവും. കൊറോണ വൈറസ് വസ്ത്രത്തിലാണ് പതിക്കുന്നതെങ്കില്‍ അവിടെ 9 മണിക്കൂര്‍ ജീവനോടെയിരിക്കും. വസ്ത്രം കഴുകുകയും രണ്ട് മണിക്കൂര്‍ വെയിലത്തിടുകയും ചെയ്താല്‍ വൈറസിനെ നശിപ്പിക്കാം. വൈറസ് കൈകളിലാണ് പതിക്കുന്നതെങ്കില്‍ 10 മിനിട്ടുവരെ ജീവനോടെയിരിക്കും. ആല്‍ക്കഹോള്‍ അടിസ്ഥാനപ്പെടുത്തിയ അനുനാശിനി ഉപയോഗിക്കുകയാണെങ്കില്‍ വൈറസിനെ നശിപ്പിക്കാം.
26-27 ഡിഗ്രി താപനിലയിലെത്തിക്കുകയാണെങ്കില്‍ വൈറസ് നശിച്ചുപോകും. ചൂടുള്ള പ്രതലങ്ങളെ അവയ്ക്ക് പ്രതിരോധിക്കാനാവില്ല. അതുകൊണ്ട് ചൂടുവെള്ളം കുടിക്കുന്നതും വെയില്‍ കായുന്നതും നല്ലതാണ്. ഐസ് ക്രീമും തണുത്ത വസ്തുക്കളും കഴിക്കുന്നത് ഒഴിവാക്കുക. ചൂടുള്ള ഉപ്പുവെള്ളം വായില്‍ കൊള്ളുന്നതുവഴി ടോണ്‍സില്‍ അണുക്കളെ നശിപ്പിക്കാം. അങ്ങനെ അവ ശ്വാസകോശത്തിലെത്തുന്നത് തടയുകയുമാവാം.
വൈറസുകളെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍ ഇപ്പറയുന്നവയാണ്. അവ കൃത്യമായി പാലിക്കുക.''