
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. വിഴിഞ്ഞം തുറമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പരിപാടി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിനാണ് ചടങ്ങ് നടത്തിപ്പിന്റെ ചുമതല. പ്രധാനമന്ത്രി എത്തുന്നതിനാല്‍ സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കും.
രാജ്യത്തെ ആഴമേറിയ ട്രാന്‍സ്ഷിപ്‌മെന്റ് പോര്‍ട്ടാണ് വിഴിഞ്ഞം. മദര്‍ഷിപ്പുകളെ അടുപ്പിക്കാന്‍ കഴിയുന്നതിനാല്‍ ഇത്തരം പോര്‍ട്ടുകള്‍ മദര്‍പോര്‍ട്ട് എന്നും അറിയപ്പെടാറുണ്ട്. 20000 മുതല്‍ 25000 വരെ കണ്ടെയ്‌നറുകള്‍ വഹിക്കാവുന്ന കൂറ്റന്‍ കപ്പലുകളാണ് മദര്‍ഷിപ്പുകള്‍. ഇവയ്ക്ക് 350450 മീറ്റര്‍ നീളം ഉണ്ടാവും. ബഹുനില കെട്ടിടങ്ങളുടെ ഉയരമുള്ള ഇത്തരം കപ്പലുകളുടെ അടിഭാഗം കടലിനടിയില്‍ 1620 മീറ്റര്‍ താഴ്ചയിലാവും കാണപ്പെടുക. കൂടുതല്‍ ആഴമുള്ള പോര്‍ട്ടുകളിലാണ് ഇത്തരം കപ്പലുകള്‍ അടുക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന് പ്രകൃതിദത്തമായി തന്നെ 2024 മീറ്റര്‍ ആഴമുള്ളതിനാല്‍ ഇത്തരം കപ്പലുകള്‍ സുരക്ഷിതമായി തന്നെ അടുപ്പിക്കാനാവും. ഈ കപ്പലുകളെ അടുപ്പിക്കാവുന്ന പോര്‍ട്ട് ആയതിനാല്‍ തന്നെ മദര്‍പോര്‍ട്ട് അഥവാ ട്രാന്‍സ്ഷിപ്‌മെന്റ് പോര്‍ട്ട് എന്നറിയപ്പെടുന്നു.
7,700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയായ വിഴിഞ്ഞം രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്മെന്റ് തുറമുഖംകൂടിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡുമായിചേര്‍ന്ന് അദാനി ഗ്രൂപ്പിനാണ് തുറമുഖത്തിന്റെ നിര്‍മാണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല.