സന്നദ്ധ സേവനം; കലക്ടറുടെ ഉത്തരവ് നടപ്പിലാക്കാതെ പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍

സ്വന്തം പാര്‍ട്ടിക്കാരെ മാത്രം സന്നദ്ധ സേവനത്തിന് പറ്റുകയുള്ളൂ എന്ന തരത്തിലാണ് സ്വന്തം വാര്‍ഡില്‍ പോലും ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നത്

Update: 2021-05-23 09:36 GMT

പരപ്പനങ്ങാടി: സന്നദ്ധ സേവനത്തിന് രാഷ്ട്രീയ നിറം നല്‍കി പാസുകള്‍ അനുവദിച്ച മുന്‍സിപ്പല്‍ ഭരണകക്ഷിയുടെ നടപടി റദ്ദ് ചെയ്ത ജില്ലാ  കലക്ടറുടെ ഉത്തരവ് പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ നടപ്പിലാക്കുന്നില്ല. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി അടക്കം ലീഗ് ഭരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കീഴില്‍ സന്നദ്ധ സേവനത്തിന് വേണ്ടി വളണ്ടിയര്‍മാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് മലപ്പുറം ജില്ല കലക്ടര്‍ക്ക് സി.പി.എം അടക്കം പരാതി നല്‍കിയതിന്റ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആര്‍ആര്‍ടി വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കാനുള്ള അധികാരം റദ്ദ് ചെയ്ത് ജില്ല കളക്ടറുടെ ഉത്തരവ് വന്നത്. ഓരോ വാര്‍ഡിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുപെട്ട 5 പേര്‍ക്ക് സന്നദ്ധ സേവനത്തിന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം, വാര്‍ഡ് കൗണ്‍സിലര്‍ മുഖേന തഹസില്‍ദാര്‍ക്ക് നല്‍കി അദ്ദേഹമാണ് പാസ് അനുവദിക്കേണ്ടതെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ ഉസ്മാന്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാരെ മാത്രം സന്നദ്ധ സേവനത്തിന് പറ്റുകയുള്ളൂ എന്ന തരത്തിലാണ് സ്വന്തം വാര്‍ഡില്‍ പോലും ചെയര്‍മാന്‍ പ്രവര്‍ത്തിക്കുന്നത്, ഇത് തെളിയിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. സി. പി. എം പ്രാദേശിക നേതാവ് ശൗക്കത്ത് ഇതിനെതിരെ പറയുന്നതും മറുപടിയായി ഇതേ തങ്ങള്‍ ചെയ്യൂ എന്നുമാണ് പരപ്പനങ്ങാടി നഗരസഭാ ചെയര്‍മാന്‍ ചെയര്‍മാന്‍ പറയുന്നത്.

കൊവിഡ്, കാലവര്‍ഷം തുടങ്ങിയ ദുരിതങ്ങളില്‍ അതാത് പ്രദേശങ്ങളില്‍ സേവനം ചെയ്യുന്നതിന് വളണ്ടിയര്‍മാരെ നിശ്ചയിക്കലുമായി ബന്ധപെട്ട് പരപ്പനങ്ങാടിയിലെ ലീഗ് വാര്‍ഡ് മെമ്പര്‍മാര്‍ അവരുടെ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പാസ് അനുവദിച്ചിരുന്നത്. പലയിടങ്ങളിലും ഇത് ദുരുപയോഗം ചെയ്യുന്നതായി കണ്ടത്തിയിരുന്നു. മഹാമാരി പോലെയുള്ള സംഭവങ്ങളില്‍ സജീവമായി സന്നദ്ധ സേവനം ചെയ്യുന്ന പല സംഘടനകളേയും ഒഴിവാക്കിയ നടപടിയാണ് ഭരണകക്ഷികള്‍ സ്വീകരിച്ചിരുന്നത്. സന്നദ്ധ സേവനത്തിന് പോലും രാഷ്ട്രീയ നിറം നല്‍കാനുള്ള മുസ്‌ലിം ലീഗ് മെമ്പര്‍മാരുടെ നടപടിക്കെതിരെ സി.പി.എം, എസ്.ഡി - പി .ഐ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.

കൊവിഡ് തുടക്കത്തില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാനും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും, മറ്റും മുന്നോട്ട് വന്ന എസ്.ഡി.പി.ഐ പോലുള്ള സംഘടനയിലെ വളണ്ടിയര്‍മാരെ പൂര്‍ണമായി ഒഴിവാക്കിയത് ഇത്തരം നയം മൂലമാണന്ന് കാണിച്ച് ഭാരവാഹികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. സന്നദ്ധ സേവനത്തിന് പോലും കോവിഡ് കാലത്ത് രാഷ്ട്രീയ നിറം നല്‍കുന്ന ലീഗ് കൗണ്‍സിലര്‍മാരുടെ നടപടി സംസ്‌കാരമില്ലായ്മയാണ് എന്നും ഇത്തരം നയങ്ങള്‍ ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണൊ നടക്കുന്നതെന്ന് വ്യക്തമാക്കണമെന്നും എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസി. ഹമീദ് പരപ്പനങ്ങാടി ആവശ്യപ്പെട്ടു.

Tags:    

Similar News