വാളയാര്‍ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പാലക്കാട് പോക്‌സോ കോടതിയില്‍

Update: 2022-08-30 02:50 GMT

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പാലക്കാട് പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. ഒന്നാംപ്രതി പാമ്പാംപള്ളം കല്ലംകാട് വി മധു, ഇടുക്കി രാജാക്കാട് മാലുതൈക്കല്‍ വീട്ടില്‍ ഷിബു എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ആഗസ്ത് 10ന് കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതി കേസില്‍ തുടരന്വേഷണത്തിന് സിബിഐയോട് നിര്‍ദേശിച്ചിരുന്നു. പോലിസ് നിഗമനം ശരിവയ്ക്കുന്ന രീതിയില്‍ ഇരുവരുടെതും ആത്മഹത്യയെന്നാണ് സിബിഐയും കുറ്റപത്രത്തില്‍ നല്‍കിയത്.

സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി പുനരന്വേഷണത്തിന് ഉത്തരവിട്ട പാലക്കാട് പോക്‌സോ കോടതി സിബിഐയെ രൂക്ഷമായ ഭാഷയിലാണ് വിമശിച്ചത്. സിബിഐയുടെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ രീതിയില്‍ അന്വേഷണം നടന്നില്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐ സമര്‍പ്പിച്ച രേഖകളും തെളിവുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടെത്തിയ കോടതി, കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും അവശ്യപ്പെട്ടു. 2017 ജനുവരി 13നാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാനസാഹചര്യത്തില്‍ മരിച്ചു. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലിസും പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍, 14ഉം ഒമ്പതും വയസ് മാത്രമുള്ള തന്റെ മക്കളുടേത് ആത്മഹത്യയല്ലെന്നും കൊലപ്പെടുത്തിയതാണെന്നുമായിരുന്നു പെണ്‍കുട്ടികളുടെ മാതാവിന്റെ നിലപാട്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം അപൂര്‍ണമാണെന്ന പെണ്‍കുട്ടികളുടെ മാതാവിന്റെ വാദം അംഗീകരിച്ച പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Tags:    

Similar News