വഖ്ഫ് ബോര്‍ഡ് അഴിമതി: വിജിലന്‍സ് കേസ് സ്‌റ്റേ ചെയ്യണമെന്ന ഹരജി ഹൈക്കോടതി തള്ളി

കേസില്‍ വഖ്ഫ് ബോര്‍ഡിനെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടും അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും ബിഎം ജമാല്‍ നല്‍കിയ ഹര്‍ജിയാണ് ഹെെഖ്കോടതി തള്ളിയത്. വഖ്ഫ് ബോര്‍ഡ് അറിയാതെ നിയമ വിരുദൃധമായാണ് ജമാല്‍ കോടതിയെ സമീപിച്ചതെന്ന് സര്‍ക്കാര്‍ സത്യ വാങ്മൂലം നല്‍കി

Update: 2022-03-26 11:47 GMT

പിസി അബ്ദുല്ല

കൊച്ചി: സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രണ്ടുലക്ഷം കോടിയുടെ സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈമാറ്റംചെയ്‌തെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഹരജി ഹൈക്കോടതി തള്ളി. ബോര്‍ഡ് സിഇഒയും മുന്‍ ചെയര്‍മാനുമടക്കം നാലു പേര്‍ക്കെതിരെ 2016ല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ട കേസില്‍ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഹരജിയാണ് ജസ്റ്റിസ് സുനില്‍ തോമസ് തള്ളിയത്. 

അന്വേഷണം സ്റ്റേ ചെയ്യണമെന്നും കേസില്‍ വഖ്ഫ് ബോര്‍ഡിനെ കക്ഷി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് വഖ്ഫ് ബോര്‍ഡിന്റെ പേരില്‍ സിഇഒ ബിഎം ജമാല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അടക്കമുള്ളവരുടെ പേരില്‍ ജമാല്‍ കോടതിയെ സമീപിച്ചത് വഖ്ഫ് ബോര്‍ഡ് അറിയാതെയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബോര്‍ഡ് കേസില്‍ കക്ഷിയല്ലെന്നും ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതിയാണ് അന്വേഷിക്കുന്നതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കരും വഖ്ഫ് ബോര്‍ഡും അറിയാതെ വഖ്ഫ് ബോര്‍ഡിന്റെ പേരില്‍ ജമാല്‍ ഹരജി നല്‍കിയതിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കുന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ വാക്കാല്‍ അറിയിച്ചു.

വഖ്ഫ് ബോര്‍ഡ് സിഇഒ ബിഎം ജമാല്‍, മുന്‍ ചെയര്‍മാന്‍ സൈദാലിക്കുട്ടി, നിലവില്‍ അംഗങ്ങളായ സൈനുദ്ധീന്‍, എംസി മായിന്‍ ഹാജി എന്നിവര്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ബിഎം ജമാല്‍ സ്‌റ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ നാലു വര്‍ഷമായി വിജിലന്‍സ് നടപടികള്‍ നിലച്ചിരിക്കുകയായിരുന്നു.

വഖഫ് സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സലാം നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്.

2017 ജനുവരി 31നകം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ജഡ്ജി പി മാധവന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. പരാതി നേരത്തെ ഫയലില്‍ സ്വീകരിച്ച കോടതി ഇതുസംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് എസ്പി ശശിധരന്‍ നല്‍കിയ വെരിഫിക്കേഷന്‍ റിപോര്‍ട്ട് പരിഗണിച്ചാണ് അന്ന് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞകാലയളവില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ രണ്ടുലക്ഷം കോടിയുടെ സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തുവെന്നാണ് പരാതി.

കുടുതല്‍ പലിശ ലഭിക്കാന്‍ വഖ്ഫ് ബോര്‍ഡിന്റെ പണം സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിവിധി മറികടന്ന് അഞ്ചു താല്‍ക്കാലിക ജീവനക്കാര്‍ക്ക് മുന്‍കാലപ്രാബല്യത്തോടെ നിയമനം നല്‍കി. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ നിയമനം നടത്തി വഖ്ഫിന്റെ ലക്ഷങ്ങള്‍ നഷ്ടമാക്കി. മുന്‍ വഖ്ഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അഹമ്മദ് കബീറിന്റെ ഭാര്യയെ തിരുവനന്തപുരം ഡിവിഷണല്‍ ഓഫിസില്‍ ക്‌ളറിക്കല്‍ അസിസ്റ്റന്റായി നിയമിച്ചു, പ്രായപരിധി കഴിഞ്ഞവരെ ബോര്‍ഡില്‍ നിയമിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സഹായം സ്വീകരിച്ച് ഒരു മാനദണ്ഡവുമില്ലാതെ കേന്ദ്രപദ്ധതിയില്‍ സ്വന്തക്കാരെ തിരുകിക്കയറ്റി, കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍നിന്ന് വായ്പ അനുവദിക്കുന്നതില്‍ ക്രമക്കേടുകാട്ടി തുടങ്ങിയ നിരവധി പരാതികളാണ് ബോര്‍ഡിനെതിരെ വിജിലന്‍സ് കോടതിയില്‍ ഉന്നയിച്ചിട്ടുള്ളത്.

അഴിമതി സംബന്ധിച്ച് മൊത്തം 47 ആരോപണങ്ങളാണ് പരാതിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചത്. 

Tags:    

Similar News