കൊവിഡ്: സംസ്ഥാനത്ത് വാര്‍ഡ്തല സമിതികള്‍ സജീവമാക്കും

മാസ്‌ക് ധരിക്കാത്ത 5373 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്വാറന്റൈന്‍ ലംഘിച്ച 15 പേര്‍ക്കെതിരേ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു.

Update: 2020-07-02 10:11 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാര്‍ഡ്തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ നാട്ടിലേക്ക് പോകുമ്പോള്‍ വാര്‍ഡ്തല സമിതികളെ അറിയിക്കണം. മാസ്‌ക് ധരിക്കാത്ത 5373 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്വാറന്റൈന്‍ ലംഘിച്ച 15 പേര്‍ക്കെതിരേ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു.

ട്രയിനിലും മറ്റും വരുന്നവര്‍ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ നടത്തുന്ന അപകടകരമായ ശ്രമം ജാഗ്രതയോടെ കണ്ടെത്തി തടയും. പൊതു ഓഫിസുകള്‍ അണുവിമുക്തമാക്കാന്‍ കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്തും. എല്ലാ പഞ്ചായത്തിലും ജീവനക്കാര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണം. ഇപ്പോള്‍ പ്രതിരോധ പ്രവര്‍ത്തന രംഗത്തുള്ള സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ പിന്തുണയാകും. രോഗബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ സമൂഹവ്യാപന ആശങ്കയില്‍നിന്ന് നാം മുക്തരായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണംമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള പൊന്നാനിയില്‍ പോലിസ് കര്‍ശനജാഗ്രത പുലര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പച്ചക്കറിക്കടകള്‍ ഉള്‍പ്പെടെ അഞ്ച് കടകള്‍ക്ക് വീതം മാത്രമാണ് താലൂക്കിലെ ഓരോ പഞ്ചായത്തിലും പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളത്. സാമൂഹിക അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിന് പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു. 

Tags:    

Similar News