കോഴിക്കോട് കുന്ദമംഗലത്ത് പൈപ്പ് ലൈൻ പൊട്ടിയ സംഭവം; വാട്ടര്‍ അതോറിറ്റിയുടെ കുഴിയടക്കലും വിവാദത്തില്‍
കോഴിക്കോട്: കഴിഞ്ഞ ദിവസം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം തെങ്ങോളം ഉയരത്തില്‍ പ്രവഹിച്ച ദൃശ്യങ്ങള്‍ വൈറലായിരുന്നു. പിന്നാലെ വീണ്ടും വിവാദത്തിലായി വാട്ടര്‍ അതോറിറ്റിയുടെ കുഴിയടക്കല്‍ പ്രവൃത്തി. കുന്ദമംഗലം പന്തീര്‍പാടത്ത് കഴിഞ്ഞ ദിവസം വൈകീട്ടാണ് പദ്ധതിയുടെ ഭീമന്‍ പൈപ്പ് പൊട്ടി വന്‍ ജലപ്രവാഹമുണ്ടായത്. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് ഇത് താല്‍ക്കാലികമായെങ്കിലും നിര്‍ത്താനായത്. ഉന്നത ഉദ്യോഗസ്ഥര്‍ ആരും സംഭവ സ്ഥലത്ത് എത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന അറ്റകുറ്റപ്പണിയും വിവാദമായി.
രാവിലെ 8.30ഓടെ വാട്ടര്‍ അതോറിറ്റിയുടെ ജീപ്പില്‍ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ചോര്‍ച്ച പരിഹരിക്കാനായി എത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ആരുമില്ലാത്തതിനാല്‍ നാട്ടുകാര്‍ ഇവരോട് കാര്യങ്ങള്‍ അന്വേഷിച്ചു. ഉദ്യോഗസ്ഥര്‍ വരുമെന്നായിരുന്നു ജോലിക്കാരുടെ മറുപടി. എന്നാല്‍ ഏറെ സമയം കഴിഞ്ഞാണ് ഓവര്‍സിയര്‍ ഇവിടെയെത്തിയത്. പൈപ്പ് പൊട്ടിയതിന്റെ കാരണവും ഉണ്ടായ നാശനഷ്ടങ്ങളും സംബന്ധിച്ച് കൂടി നിന്നവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ കേട്ടു. പൈപ്പ് പൊട്ടിയ ഭാഗം മുറിച്ചുമാറ്റി ചോര്‍ച്ച പരിഹരിച്ച ജീവനക്കാര്‍ പിന്നീട് മണ്ണിനടിയില്‍ കോണ്‍ക്രീറ്റ് ചെയ്യുകയും കുഴി മൂടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇവര്‍ നടത്തിയ പ്രവൃത്തിയാണ് പ്രതിഷേധത്തിനിടയാക്കിയത്. മണ്ണിട്ട് മൂടിയ ഭാഗം ഉറപ്പിക്കാനായി ഇവര്‍ ഉപയോഗിച്ചത് പണി സ്ഥലത്ത് എത്തിയ ജീപ്പ് തന്നെയായിരുന്നു. ജീപ്പ് ഉപയോഗിച്ച് മുന്‍പിലേക്കും പുറകിലേക്കും മണ്ണിന് മുകളിലൂടെ ഓടിക്കുകയായിരുന്നു തൊഴിലാളികള്‍ ചെയ്തത്. കോഴിക്കോട് വയനാട് സംസ്ഥാന പാതയുടെ ഭാഗമായ ഈ റോഡില്‍ ഇത്തരമൊരു നടപടി വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ നിരുത്തരവാദപരമായ സമീപനമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത്രയും ആഴത്തില്‍ കുഴിയെടുത്ത ഭാഗം ഒരു ജീപ്പ് ഉപയോഗിച്ച് ഉറപ്പിക്കുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.