വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനം; സുപ്രിംകോടതിയുടെ താക്കീത്, പിന്നാലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം

Update: 2024-04-06 05:34 GMT

ന്യൂഡല്‍ഹി: വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാള അധ്യാപക നിയമനത്തില്‍ നാല് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനം. ഇതു സംബന്ധിച്ചുള്ള ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പുറത്തിറക്കി. സുപ്രിംകോടതിയുടെ താക്കീതിന് പിന്നാലെയാണ് നടപടിയുണ്ടായത്. അവിനാഷ് പി, റാലി പിആര്‍, ജോണ്‍സണ്‍, ഇവി ഷീമ എം എന്നിവര്‍ക്ക് ഒരുമാസത്തിനകം നിയമനം നല്‍കും. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

നിയമനം നല്‍കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. സുപ്രിം കോടതി ഉത്തരവ് 10ാം തീയതിക്കുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അയക്കുമെന്ന് സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനാണ് മുന്നറിയിപ്പ് നല്‍കിയത്. റാണി ജോര്‍ജ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നും സുപ്രിം കോടതി നിരീക്ഷിച്ചു. വയനാട്ടിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപക നിയമനത്തില്‍ ഉത്തരവ് മനഃപ്പൂര്‍വം നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി നടപടി.

അവിനാശ് പി, റാലി പിആര്‍, ജോണ്‍സണ്‍ ഇവി, ഷീമ എം എന്നിവരെ വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ മലയാളം അധ്യാപികമാരായി നിയമിക്കാന്‍ സുപ്രിം കോടതി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നിര്‍ദേശിച്ചിരുന്നത്. കേസില്‍ ഹരജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് ചിബും അഭിഭാഷകന്‍ ദിലീപ് പോളക്കാടും ഹാജരായി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പിഎന്‍ രവീന്ദ്രനും സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷോങ്കാറും ഹാജരായിരുന്നു.

Tags:    

Similar News