വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; വൈറ്റ്ഗാര്‍ഡിന്റെ ഭക്ഷണപുര പൂട്ടിച്ചു; പ്രതിഷേധം ശക്തം
വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലുള്‍പ്പെടെ പങ്കാളികളായവര്‍ക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന ഊട്ടുപുര സര്‍ക്കാര്‍ പൂട്ടിച്ചതില്‍ പ്രതിഷേധം ശക്തം. ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമാണ് ഊട്ടുപുരയുടെ സേവനം അവസാനിപ്പിക്കേണ്ടിവന്നതെന്ന് വൈറ്റ് ഗാര്‍ഡ് അറിയിച്ചു. സര്‍ക്കാര്‍ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു.
ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍, സൈനികര്‍, പോലിസുകാര്‍, വളണ്ടിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മൃതദേഹം തിരയുന്ന ബന്ധുക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പൂട്ടേണ്ടിവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകര്‍ ഊട്ടുപുരയ്ക്ക് മുന്നില്‍ ഫ്‌ലക്‌സ് കെട്ടിയിട്ടുണ്ട്.
'പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാള്‍ നിങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരാനും നിങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ആഹാരം നല്‍കാനും കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗര്‍ഭാഗ്യവശാല്‍ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ല എന്നും ബഹുമാനപ്പെട്ട ഡി.ഐ.ജി തോംസണ്‍ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങള്‍ ഈ സേവനം അവസാനിപ്പിക്കുകയാണ്'- വൈറ്റ്ഗാര്‍ഡ് പറയുന്നു.