കോട്ടയം: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരിതം ബാധിച്ചവര്‍ക്ക് ആശ്വാസവും കൈത്താങ്ങുമായി മാറിയിരിക്കുകയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍. എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരന്തമുണ്ടായ ദിവസം മുതല്‍ സമാനതകളില്ലാത്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ദുരന്തമുഖത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആദ്യമൊന്ന് പകച്ചു നിന്നപ്പോള്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ടു പോയവരെ പുറത്തെടുക്കാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കാണിച്ച ധൈര്യവും നിശ്ചയദാര്‍ഢ്യവും സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായതാണ്.
ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച കൂട്ടിക്കലിലും കൊക്കയാറിലും വീണ്ടും മണ്ണിടിച്ചിലുണ്ടാവാമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ജീവന്‍ പോലും പണയം വച്ച് മണ്ണിനടിയില്‍പെട്ടവരെ പുറത്തെത്തിക്കാന്‍ പ്രവര്‍ത്തകര്‍ പങ്കാളികളായത്. പോലിസ്, ഫയര്‍ ഫോഴ്‌സ്, എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള സേനാ വിഭാഗങ്ങളുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. രക്ഷാപ്രവര്‍ത്തനങ്ങളും തിരച്ചിലും അവസാനിച്ചതോടെ പ്രളയത്തില്‍ എല്ലാം നഷ്ടമായവരെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ കടന്നു. കൂട്ടിക്കല്‍, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ചേനപ്പാടി, പത്തനാട്, ഏറത്ത് വടകര തുടങ്ങിയ ഭാഗങ്ങളിലടക്കം പ്രളയത്തില്‍ വീടുകളില്‍ വെള്ളം കയറി എല്ലാം നഷ്ടമായവര്‍ക്കാണ് സഹായഹസ്തവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ സജീവമായത്.
മുണ്ടക്കയത്ത് ദുരിതബാധിതര്‍ക്ക് സഹായം എത്തിച്ചുനല്‍കുന്നതിന് പ്രത്യേക കളക്ഷന്‍ കേന്ദ്രം തുറന്നായിരുന്നു പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ഇതിനു പുറമേയാണ് വെള്ളം കയറി താമസയോഗ്യമല്ലാതായിത്തീര്‍ന്ന വീടുകളും ഉപയോഗയോഗ്യമല്ലാതായ കിണറുകളും ശുചീകരിച്ച് നല്‍കിയത്.
അപ്രതീക്ഷിതമായുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ വെള്ളം കയറാത്ത പല വീടുകളും മുങ്ങിപ്പോയി. അതുകൊണ്ടുതന്നെ പലര്‍ക്കും വീട്ടു സാധനങ്ങള്‍ മാറ്റാനുള്ള സമയം പോലും കിട്ടിയില്ല. ജീവന്‍ രക്ഷിക്കുകയായിരുന്നു പ്രധാനം. ചില വീടുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും തകര്‍ന്നു. കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം മേഖലകളിലായി അനേകം വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പല വീടുകളും ഒലിച്ചുപോയി. വെള്ളവും ചെളിയും കയറിയ നിരവധി വീടുകളും കിണറുകളും ശുചീകരിക്കാനും മണ്ണ് മൂടി സഞ്ചാരയോഗ്യമല്ലാതായിത്തീര്‍ന്ന റോഡുകളിലെ തടസ്സം നീക്കാനും കഴിഞ്ഞിട്ടുണ്ട്. പ്രളയത്തില്‍ വെള്ളം കയറി കേടായ വാഹനങ്ങള്‍ വര്‍ക് ഷോപ്പുകളില്‍ എത്തിച്ച് നല്‍കുമെന്നും എസ്ഡിപിഐ വളണ്ടിയര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെയും പഞ്ചായത്ത്, ബ്രാഞ്ച് കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് കാഞ്ഞിരപ്പള്ളി ടൗണ്‍, ചേനപ്പാടി, ആനക്കല്ല്, ആ നിത്തോട്ടം, ഒന്നാം മൈല്‍, ഏറത്ത് വടകര ഭാഗങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കാഞ്ഞിരപ്പള്ളി മേഖലയില്‍ കാഞ്ഞിരപ്പള്ളി ടൗണ്‍, ഒന്നാം മൈല്‍, ആനക്കല്ല്, ആനിത്തോട്ടം, അഞ്ചിലിപ്പ, മണ്ണാറക്കയം ഭാഗങ്ങളിലെ 150ഓളം വീടുകളിലാണ് വെള്ളം കയറിയത്. വീടുകളിലും കടകളിലും വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ വീട്ടുസാധനങ്ങളും കടകളിലെ വസ്തുക്കളും നശിച്ചു. ആറു ദിവസത്തോളമായി ഇവിടങ്ങളിലെ വീടുകളും കിണറുകളും ശുചീകരിക്കാന്‍ എസ്ഡിപിഐ വളണ്ടിയര്‍മാര്‍ അശ്രാന്തപരിശ്രമത്തിലാണ്. കൂടാതെ ചെളിയും മണ്ണും കൊണ്ട് തടസ്സപ്പെട്ട റോഡുകള്‍ സഞ്ചാരയോഗ്യമാക്കുകയും ചെയ്തു.
പ്രളയത്തില്‍ അകപ്പെട്ടുപോയവര്‍ക്ക് നിത്യോപയോഗ സാധനകിറ്റുകള്‍, ഭക്ഷണം, വീട്ടുപകരണങ്ങള്‍, വസ്ത്രങ്ങള്‍, കുടിവെള്ളം, വൈദ്യുതിയില്ലാതായ വീടുകളില്‍ മെഴുകുതിരി അടക്കമുള്ളവ എത്തിച്ചുനല്‍കി. പ്രളയത്തില്‍ കാഞ്ഞിരപ്പള്ളി വട്ടകപ്പാറ മലയുടെ അടിഭാഗത്ത് താമസിക്കുന്ന മൂന്ന് വീടുകളില്‍ രണ്ടെണ്ണം പൂര്‍ണമായും ഒരെണ്ണം ഭാഗികമായും നശിച്ചിരുന്നു. ദുരന്തം മുന്നില്‍ കണ്ട് ഇവരെ അവിടെ നിന്ന് നൂറുല്‍ ഹുദാ എല്‍പിഎസ്സിലെ ക്യാംപില്‍ യഥാസമയം എത്തിക്കാനായി.
കാഞ്ഞിരപ്പള്ളി ടൗണ്‍ പഴയ പള്ളിയുടെ പിന്‍ഭാഗത്തെ ആറ്റുപുറമ്പോക്കില്‍ താമസിക്കുന്ന പത്തോളം വീടുകളില്‍ ഏതാനും വീടുകള്‍ വെള്ളം കയറി നശിച്ചിരുന്നു. ഇവരെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥലത്തെത്തിച്ചു. മണ്ണാറക്കയം അഞ്ചിലിപ്പ അഭയഭവനത്തിലെ അന്തേവാസികളായ 23ഓളം പേരെ സമീപത്തെ പാരീഷ് ഹാളിലേക്ക് മാറ്റി. പള്ളി വികാരിയുമായി ബന്ധപ്പെട്ട് ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തു വരികയാണ്.
ചേനപ്പാടിയില്‍ വെള്ളം കയറിയ വീടുകള്‍ ശുചീകരിക്കുകയും റോഡുകളിലെയും പാലത്തിലെയും തടസ്സം നീക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ 30 ഓളം വീടുകളിലാണ് വെള്ളം കയറിയത്. ചേനപ്പാടി കരിമ്പുകയം പാലമാണ് മലവെള്ളവും ചെളിയും കയറി ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്നിരുന്നത്. വീടുകളില്‍ ഭക്ഷ്യക്കിറ്റുകളും വീട്ടുപകരണങ്ങളും എത്തിച്ചു നല്‍കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ വെള്ളം കയറി കേടായ ഫ്രിഡ്ജുകള്‍ എസ്ഡിപിഐ വളണ്ടിയര്‍മാര്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് നല്‍കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. മണിമല പഞ്ചായത്തിലെ ഏറത്ത് വടകരയില്‍ വെള്ളം കയറിയ ഏഴോളം വീടുകളിലെ കിണറുകള്‍ ഇതിനകം ശുചീകരിച്ചു. ദുരിതബാധിതര്‍ക്കാവശ്യമായ ഭക്ഷ്യക്കിറ്റുകളും വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും എത്തിച്ചു.
എസ്ഡിപിഐ കങ്ങഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ഘട്ടങ്ങളിലായി മുണ്ടക്കയം മേഖലയിലെ പ്രളയബാധിതര്‍ക്ക് ആവശ്യമായ പാത്രങ്ങളും ഗ്രഹോപകരണങ്ങളും എത്തിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്.
കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ യു നവാസ്, റസിയ ഷഹീര്‍, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് സാലി, നിസാം ഇത്തിപ്പുഴ, ജില്ലാ ട്രഷറര്‍ ആരിഫ് കെ എസ്, പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് വി എം സുലൈമാന്‍ മൗലവി, സെക്രട്ടറി റിയാസ് ഇടക്കുന്നം, ജോയിന്റ് സെക്രട്ടറി അലി വി എസ്, ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സി എച്ച് ഹസീബ്, രാജന്‍ വണ്ടംപതാല്‍, മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നവാസ് പുഞ്ചവയല്‍, സെക്രട്ടറി സുഹൈല്‍ പുത്തന്‍ചന്ത, സന്തോഷ് വണ്ടംപതാല്‍, നവാസ് വണ്ടംപതാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
ഏറത്ത് വടകരയില്‍ നടന്ന കിണര്‍ ശുചീകരണത്തിനും മറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും എസ്‌സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറി ഫൈസല്‍ വാഴൂര്‍, ചാമംപതാല്‍ ബ്രാഞ്ച് പ്രസിഡന്റ് ഷംസുദ്ദീന്‍, നിഷാദ് പാറത്തോട്, പ്ലാക്കപ്പടി ബ്രാഞ്ച് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, ഷിയാസ് കങ്ങഴ, അന്‍സില്‍, റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
കാഞ്ഞിരപ്പള്ളി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അന്‍സാരി പത്തനാട്, മണ്ഡലം സെക്രട്ടറി ഫൈസല്‍ വാഴൂര്‍, മണ്ഡലം വൈസ് പ്രസിഡന്റ് അലി അക്ബര്‍, മണ്ഡലം ട്രഷറര്‍ വി എസ് അഷ്‌റഫ് അടക്കം വിവിധ ബ്രാഞ്ച് ഭാരവാഹികളാണ് നേതൃത്വം നല്‍കിയത്.
ചേനപ്പാടി ബ്രാഞ്ച് പ്രസിഡന്റ് നിസാമുദ്ദീന്‍, ബ്രാഞ്ച് സെക്രട്ടറി ഹാഷിം എന്നിവരുടെ നേതൃത്വത്തിലാണ് ചേനപ്പാടിയില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ തുടക്കം മുതല്‍ പ്രളയരക്ഷാപ്രവര്‍ത്തനങ്ങളിലും മറ്റ് ദുരിതാശ്വാസ രംഗത്തും സജീവമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രളയബാധിതര്‍ക്കുള്ള സാധന സാമഗ്രികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്.