വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ മലപ്പുറത്ത്
മലപ്പുറം: വെല്‍ഫെയര്‍ പാര്‍ട്ടി മൂന്നാം സംസ്ഥാന സമ്മേളനം ഡിസംബര്‍ 27, 28, 29 തിയ്യതികളിലായി മലപ്പുറത്ത് നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡോ.എസ് ക്യൂ ആര്‍ ഇല്യാസ്, വിടുതലൈചിറൈ കച്ചി നേതാവ് തോള്‍ തിരുമാവളവന്‍ എംപി, സഞ്ജീവ് ഭട്ട് ഐപിഎസിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ശ്വേതാ ഭട്ട്, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സുബ്രഹ്മണി അറുമുഖം, അംബേദ്കറുടെ കുടുംബാംഗവും പ്രമുഖ ദലിത് ആക്ടിവിസ്റ്റുമായ രാജരത്‌നം അംബേദ്കര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയും പൗരത്വ പ്രക്ഷോഭ നായികയുമായ അഫ്രീന്‍ ഫാത്തിമ, ശഹീദ് വാരിയംകുന്നത്ത് കുഞ്ഞഹ്മദ് ഹാജിയുടെ പേരക്കുട്ടി ഹാജറ വാരിയംകുന്നന്‍, റൈഹാനത്ത് സിദ്ദീഖ് കാപ്പന്‍, വെല്‍ഫെയര്‍ പാര്‍ട്ടി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ എസ് അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഡിസംബര്‍ 27ന് രാവിലെ 10 മണിക്ക് മലപ്പുറം താജ് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിക്കും. നാലുവര്‍ഷത്തെ സംഘടനാ റിപോര്‍ട്ടും രാഷ്ട്രീയ നയരേഖയും അവതിരിപ്പിച്ച് ചര്‍ച്ച ചെയ്യും. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന പ്രവര്‍ത്തക സമിതി, ഫെഡറല്‍ ജനറല്‍ കൗണ്‍സില്‍ എന്നിവയിലേക്കുള്ള തെരെഞ്ഞെടുപ്പ് പ്രതിനിധി സമ്മേളനത്തില്‍ നടക്കും. 29 ന് വൈകീട്ട് 3 മണിക്ക് ജൂബിലി ജങ്ഷനില്‍ നിന്ന് മലപ്പുറം ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ബഹുജനറാലി ആരംഭിക്കും.
തുടര്‍ന്ന് വാരിയംകുന്നന്‍ നഗറില്‍ (വലിയങ്ങാടി) നടക്കുന്ന പൊതുസമ്മേളനം ദേശീയ അധ്യക്ഷന്‍ ഡോ.എസ് ക്യൂ ആര്‍ ഇല്യാസ് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും ദേശീയ- സംസ്ഥാന- ജില്ലാ ഭാരവാഹികള്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കും. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രന്‍ കരിപ്പുഴ, റസാഖ് പാലേരി, ദേശീയ സെക്രട്ടറി ഇ സി ആയിശ, ജില്ലാ പ്രസിഡന്റ് നാസര്‍ കീഴുപറമ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.