വിഗ്രഹ നിമജ്ജനത്തിന് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ എട്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

ഭോപ്പാല്‍: വിഗ്രഹ നിമജ്ജനത്തിന്റെ ഭാഗമായി 150 വര്‍ഷം പഴക്കമുള്ള കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ എട്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് സംഭവം. ഗംഗോര്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിഗ്രഹ നിമജ്ജനത്തിനായി ഗ്രാമവാസികള്‍ കിണര്‍ ഒരുക്കുന്നതിനിടെ വ്യാഴാഴ്ചയാണ് അപകടം. കിണറില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ ആദ്യം അഞ്ച് പേരാണ് ഇറങ്ങിയത്. അടിത്തട്ടിലെത്തിയപ്പോഴേക്കും ചെളി അടിഞ്ഞ് ചതുപ്പായ കിണറില്‍ അഞ്ചുപേരും കുടുങ്ങി. ചതുപ്പില്‍ താഴ്ന്നു പോയവരെ രക്ഷിക്കാനായി മൂന്നു പേര്‍ കൂടി ഇറങ്ങുകയായിരുന്നു. എന്നാല്‍ ആഴമുള്ള കിണറ്റില്‍ നിറഞ്ഞു നിന്ന വിഷവാതകം മൂലം ഇവര്‍ക്കും പുറത്തിറങ്ങാനായില്ല. നാല് മണിക്കൂര്‍ നീണ്ട ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്.