മഡഗാസ്‌കറിലെ കാട്ടുവാഴപ്പഴത്തിന് എന്താണ് ഇത്ര പ്രത്യേകത ?

Update: 2021-04-02 06:21 GMT

കോഴിക്കോട്: ലോകത്ത് ആയിരത്തോളം ഇനം വാഴപ്പഴമുണ്ടെന്നാണ് ഏകദേശ കണക്ക്. പല നിറത്തിലും വലുപ്പത്തിലും രുചിയിലുമുള്ള വൈവിധ്യമേറിയ ഇനം വാഴപ്പഴങ്ങള്‍ ലോകത്തെല്ലായിടത്തുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സമുദ്രത്തിലെ ദ്വീപായ മഗഡാസ്‌കറിലെ കാട്ടുവാഴപ്പഴം ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ്.


ലോകത്ത് ഏറ്റവുമധികം വംശനാശ ഭീഷണി നേരിടുന്ന പഴവര്‍ഗ്ഗം എന്നതാണ് മഡഗാസ്‌കറിലെ കാട്ടുവാഴപ്പഴത്തിന്റെ പ്രത്യേകത. ഈയിനത്തില്‍പ്പെട്ട മൂന്നു ചെടികള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. അബിസീനിയന്‍ വാഴപ്പഴത്തിന്റെ വന്യമായ ബന്ധുവാണ് മഡഗാസ്‌കര്‍ വാഴപ്പഴം (എന്‍സെറ്റ് പെരിയേരി, മുസേഷ്യ). വംശനാശ ഭീഷണി നേരിടുന്ന സസ്യജാലങ്ങളുടെ പട്ടികയായ ഐയുസിഎന്‍ റെഡ് ലിസ്റ്റിലാണ് മഡഗാസ്‌കറിലെ കാട്ടുവാഴപ്പഴമുള്ളത്. പടിഞ്ഞാറന്‍ മഡഗാസ്‌കറിലെ വരണ്ട ഉഷ്ണമേഖലാ വനങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ ഇനം വനനശീകരണം കാരണം ഇല്ലാതെയായി തീരുകയാണ്. സാധാരണ വാഴയുടെ പോലെ കന്നുകളിലൂടെയാണ് മഡഗാസ്‌കറിലെ കാട്ടുവാഴയും പുരുല്‍പ്പാദിപ്പിക്കപ്പെടുന്നത്. എന്നാല്‍ കൃഷിക്കു വേണ്ടി സ്ഥാലം ഒരുക്കുന്നതിനായി വനപ്രദേശങ്ങളില്‍ തീയിടുന്നത് കാരണം മഡഗാസ്‌കറിലെ കാടുകളില്‍ നിന്നും കാട്ടുവാഴത്തൈകള്‍ ഇല്ലാതെയായിട്ടുണ്ട്.


ഇപ്പോള്‍ മഡഗാസ്‌കര്‍ ദേശീയ ഉദ്യാനത്തിലെ സംരക്ഷിത വനമേഖലയിലാണ് മഡഗാസ്‌കറിലെ കാട്ടുവാഴ വളര്‍ത്തുന്നത്. ഇവയുടെ കൂടുതല്‍ തൈകള്‍ ഉദ്പാദിപ്പിച്ച് വംശനാശം തടയുക എന്ന ശ്രമത്തിലാണ് ശാസ്ത്രജ്ഞരായ റിച്ചാര്‍ഡ് അലന്‍, ഹെലന്‍ റാലിമാനാന എന്നിവര്‍.




Tags:    

Similar News