ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പ്പത്തെട്ടാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് രമണ സ്ഥാനമേല്‍ക്കും. ഏപ്രില്‍ 24നാണ് ജസ്റ്റിസ് രമണ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്നത്. ജസ്റ്റിസ് എസ് എ ബോബ്ദെ ഏപ്രില്‍ 23ന് വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് രമണയുടെ നിയമനം.
2014 ഫെബ്രുവരി 17നാണ് രമണ സുപ്രിംകോടതിയില്‍ ജഡ്ജിയായി നിയമിതനാവുന്നത്. 2022 ആഗസ്റ്റ് 26ന് അദ്ദേഹം വിരമിക്കും.
കര്‍ഷക കുടുംബത്തില്‍ ജനിച്ച രമണയ്ക്ക് ഇപ്പോള്‍ 63 വയസ്സാണ്. അടിയന്തരാവസ്ഥക്കാലത്ത് പൗരാവകാശപ്രവര്‍ത്തകനായിരുന്നു. ജയ് ആന്ധ്ര പ്രസ്ഥാനത്തില്‍ സജീവമായി. പ്രത്യേക ആന്ധ്ര സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രസ്ഥാനമായിരുന്നു ജയ് ആന്ധ്ര. വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡുവും ഇതേ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു.
നേരത്തെ തെലുങ്ക് പത്രമായ ഈനാടില്‍ ലേഖകനായിരുന്ന രമണ 1983ലാണ് ആന്ധ്ര ഹൈക്കോടതി ബാറില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും സ്റ്റാന്റിങ് കൗണ്‍സലായിരുന്നു.
കുറച്ചുകാലം ആന്ധ്ര പ്രദേശിന്റെ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലായി പ്രവര്‍ത്തിച്ചു. 2000ത്തില്‍ ആന്ധ്ര ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമനം നേടി. ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ 13 വര്‍ഷവും ആക്റ്റിങ് ചീഫ് ജസ്റ്റിസായി 2 മാസവും പ്രവര്‍ത്തിച്ചു. 2013ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. തുടര്‍ന്ന് സുപ്രിംകോടതിയിലെത്തി.
തനിക്കെതിരേ ജസ്റ്റിസ് രമണ മറ്റ് ന്യായാധിപന്മാരെ സ്വാധീനിക്കുകയാണെന്ന ആരോപണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി രംഗത്തെത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
പരമ്പരാഗത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളായാണ് രമണയെ നിയമ ലോകം കണക്കാക്കുന്നത്. ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വിധി നിര്‍ണായകമായിരുന്നു. ഇന്റര്‍നെറ്റ് സൗകര്യം പൗരന്റെ മൗലികാവകാശമാണെന്നായിരുന്നു അദ്ദേഹം വിധിച്ചത്. സെക്ഷന്‍ 144 പ്രഖ്യാപിക്കുമ്പോള്‍ അത് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ ഹനിക്കുന്നതിന് ഇടവരുത്തരുതെന്ന നിര്‍ണായകമായ വ്യാഖ്യാനവും അദ്ദേഹം പുറപ്പെടുവിച്ചു. വിവരാവകാശവും സ്വകാര്യതയ്ക്കുള്ള അവകാശവും ഒരേസമയം പരിഗണിക്കണമെന്നായിരുന്നു സുഭാഷ് ചന്ദ്ര അഗര്‍വാള്‍ കേസില്‍ വിധിച്ചത്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട സ്വരാജ് അഭിയാന്‍ കേസില്‍ സഹകരണത്തിലൂന്നിയ ഫെഡറലിസത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
2019ലെ കര്‍ണാടക നിയമസഭയില്‍ ഉയര്‍ന്നുവന്ന അയോഗ്യതാ കേസില്‍ ഇടപെട്ട് ഇത്തരത്തിലുള്ളവര്‍ക്ക് വീണ്ടും നിയമസഭയിലേക്ക് മല്‍സരിക്കാമെന്ന് അദ്ദേഹം വിധിച്ചു.
വര്‍ഷങ്ങളോളം കൊളീജിയത്തില്‍ അംഗമായിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ അഭിപ്രായപ്രകടനങ്ങളില്‍ നിന്ന് വിട്ടുനിന്നു. ബോബ്ദെയുടെ പതിനാല് മാസത്തെ കാലയളവില്‍ ഒരാളെ പോലും ജഡ്ജിയായി നിയമിച്ചിരുന്നില്ല. നിലവില്‍ ആറ് ജഡ്ജിമാരുടെ ഒഴിവുകളാണ് സുപ്രിംകോടതിയിലുള്ളത്. ഇതില്‍ രമണ എന്ത് നിലപാടെടുക്കുമെന്ന കാര്യം നിയമലോകം ഉറ്റുനോക്കുകയാണ്.
സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് രമണ. ഏറ്റവും മുതിര്‍ന്ന അംഗത്തെ ചീഫ് ജസ്റ്റിസാക്കുകയാണ് സുപ്രിംകോടതിയടെ പൊതു രീതി. അതനുസരിച്ചാണ് വിരമിക്കുന്ന ജസ്റ്റിസ് ബോബ്ദെ രമണയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തത്.