സര്‍ക്കാര്‍ മരണസംഖ്യ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു; കുംഭമേളക്കിടെ കാണാതായവരുടെ ബന്ധുക്കള്‍
സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കുകയാണെന്നും ബന്ധുക്കള്‍

ലഖ്‌നോ: സര്‍ക്കാര്‍ യഥാര്‍ഥ മരണസംഖ്യ മറച്ചുവെക്കുകയാണെന്ന് കുംഭമേളക്കിടെ കാണാതായ തീര്‍ത്ഥാടകരുടെ ബന്ധുക്കള്‍.സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. തങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യമില്ലെന്നും മൃതദേഹങ്ങള്‍ മാത്രം മതിയെന്നും അവര്‍ പറയുന്നു. ജനുവരി 29-ന് പ്രയാഗ്രാജിലെ മഹാ കുംഭമേളയിലുണ്ടായ അപകടത്തെതുടര്‍ന്നാണ് പരാമര്‍ശം. കുംഭമേള തടസ്സമില്ലാതെ തുടരാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും ആളുകള്‍ ആരോപിച്ചു.
സര്‍ക്കാര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ മരണസംഖ്യ മൂടി വെക്കുകയാണെന്നു പറഞ്ഞ സമാജ്വാദി പാര്‍ട്ട, നിരവധി വീഡിയോകള്‍ ഇതിനോടകംതന്നെ പുറത്തുവിട്ടു. തിക്കിലും തിരക്കിലും പെട്ട് അപകടങ്ങള്‍ സംഭവിച്ചവരും അവരുടെ ബന്ധുക്കളും സര്‍ക്കാറിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളാണ് സമാജ്വാദി പാര്‍ട്ടിയുടെ മീഡിയ സെല്‍ പുറത്തുവിട്ടത്. സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്കൊപ്പമല്ലെന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തി. കുംഭമേളക്കിടെ നിരവധിയാളുകള്‍ മരിക്കാനും നിരവധിയാളുകളെ കാണാതാവാനും ഇടയായ സാഹചര്യം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായ സുരക്ഷാവീഴ്ചയാണെന്നും ആളുകള്‍ പറഞ്ഞു. സര്‍ക്കാറിനെതിരേ വ്യാപക വിമര്‍ശനങ്ങളാണ് ജനങ്ങളില്‍നിന്നുമുയരുന്നത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പും അയോധ്യയിലെ മില്‍കിപൂര്‍ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പൂര്‍ത്തിയാകുന്നതുവരെ യഥാര്‍ഥ മരണസംഖ്യ തടഞ്ഞുവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കി.