
ടെക്‌സസ്: യുഎസിലെ ടെക്‌സസ് സംസ്ഥാനത്തെ ഷുഗര്‍ലാന്‍ഡില്‍ സ്ഥാപിച്ച 90 അടി പൊക്കമുള്ള ഹനുമാന്‍ പ്രതിമക്കെതിരെ ട്രംപ് അനുകൂലികള്‍ കാംപയിന്‍ ശക്തമാക്കി. യുഎസ് ഡോണള്‍ഡ് ട്രംപിന്റെ ആശയമായ 'മേക്ക് അമേരിക്ക ഗ്രെയ്റ്റ് എഗെയിന്‍' (അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ, എംഎജിഎ) അനുകൂലികളാണ് ഈ പ്രതിമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രാമായണത്തിലെ ശ്രീരാമനെയും സീതയെയും യോജിപ്പിക്കുന്നതില്‍ ഹനുമാന്റെ പങ്ക് ഓര്‍ക്കാനാണ്, ആര്‍എസ്എസ് അനുകൂലിയായ ചിന്നജീയര്‍ സ്വാമിയുടെ മേല്‍നോട്ടത്തില്‍ ഷുഗര്‍ ലാന്‍ഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തില്‍ 2024 ആഗസ്റ്റില്‍ ഈ പ്രതിമ സ്ഥാപിച്ചത്. യുഎസിലെ മൂന്നാമത്തെ ഏറ്റവും ഉയരമുള്ള പ്രതിമയായി ഇത് മാറുകയുമുണ്ടായി.
ഒരു വിദേശ ദേവനെ ആദരിക്കുന്ന സ്മാരകമാണ് ഇതെന്ന വിമര്‍ശനമാണ് എംഎജിഎ അംഗങ്ങള്‍ ഉയര്‍ത്തുന്നത്. ടെക്‌സസിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഒരു ഹിന്ദു ദൈവത്തിന്റേതാണെന്ന് പറഞ്ഞ് എംഎജിഎ പ്രവര്‍ത്തകനായ ആന്‍ഡ്രു ബെക്ക് എക്‌സില്‍ ഒരു പോസ്റ്റിട്ടു. 14 ലക്ഷം പേരാണ് ഈ വിഡിയോ കണ്ടത്. ക്രിസ്ത്യന്‍ നാഗരികതയുമായി ചേര്‍ന്നു പോവുന്ന കാര്യമാണോ ഇതെന്നും ആന്‍ഡ്രൂ ചോദിക്കുന്നു.ഇന്ത്യക്കാരുടെ കുടിയേറ്റം പ്രോല്‍സാഹിപ്പിക്കാനാണ് ഇതെന്നും ആന്‍ഡ്രു പറയുന്നു.
The tallest statue in Texas is of the Hindu god, Hanuman, in Sugar Land. Its dedication in August of 2024 was used to promote Indian immigration.
— Andrew Beck (@AndrewBeckUSA) April 13, 2025
Your community will have a civil religion. Will it be compatible with your civilization—Christian civilization—or not? pic.twitter.com/kE8o38pdbt
എക്‌സില്‍ നിരവധി പേര്‍ ഈ പ്രതിമക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. '' സത്യസന്ധമായി പറഞ്ഞാല്‍ ഇത് അനുവദിക്കരുത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തോട് ഞാന്‍ യോജിക്കുന്നു, ഹിന്ദുക്കളുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല. പക്ഷേ, യുഎസ് ക്രിസ്തുമതത്തില്‍ അധിഷ്ഠിതമാണ്. ഇത് ഒരിക്കലും അനുവദിക്കരുതായിരുന്നു. ''-ഒരാള്‍ എഴുതി.
''യേശുവിന്റെയോ കന്യാമറിയത്തിന്റെയോ വലിയ പ്രതിമ നിര്‍മിക്കാത്ത കത്തോലിക്കരുടെ ഞങ്ങള്‍ തെറ്റാണിത്.''-മറ്റൊരാള്‍ എഴുതി. പ്രതിമ സ്ഥാപിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് മറ്റൊരാള്‍ ആവശ്യപ്പെട്ടത്. ''കാലിഫോണിയയിലെ പര്‍വതങ്ങളുടെ മുകളിലുള്ള കുരിശുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ കേസ് കൊടുക്കുന്നു. എന്തുകൊണ്ടാണ് അവര്‍ ഈ പ്രതിമക്കെതിരെ കേസ് കൊടുക്കാത്തത്?''-മറ്റൊരാള്‍ ചോദിച്ചു.