വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനും സ്‌റ്റെല്ല മോറിസിനും ഇന്ന് ലണ്ടന്‍ ജയിലില്‍ കല്യാണം

2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്‌ട്രേലിയന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാന്‍ജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്

Update: 2022-03-23 06:44 GMT

ലണ്ടന്‍:വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനും, ദീര്‍ഘകാല പങ്കാളിയായ സ്‌റ്റെല്ല മോറിസിനും ഇന്ന് ലണ്ടന്‍ ജയിലില്‍ കല്യാണം.സൗത്ത് ഈസ്റ്റ് ലണ്ടനിലെ ഉന്നത സുരക്ഷയുള്ള ജയിലില്‍ വച്ചാണ് വിവാഹം. രണ്ടു ഔദ്യോഗിക സാക്ഷികളും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം ആകെ നാലുപേരാണ് ചടങ്ങില്‍ പങ്കെടുക്കുക. 2020 ല്‍ തന്നെ ഇരുവരും വിവാഹത്തിന് അനുമതി ചോദിച്ച് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.

യുഎസ് സൈനിക രഹസ്യങ്ങളും നയതന്ത്രരേഖകളുമടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടതിന്റെ പേരില്‍ 18 കേസുകളില്‍ വിചാരണ നേരിടണമെന്ന് യുഎസ് ആവശ്യപ്പെടുന്ന കുറ്റവാളിയാണ് അസാന്‍ജ്. എന്നാല്‍ താന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നാണ് അസന്‍ജ് അവകാശപ്പെടുന്നത്.2019 മുതല്‍ ബെല്‍മാര്‍ഷ് ജയിലിലാണ് അസാന്‍ജ് കഴിയുന്നത്. അതിനുമുമ്പ് ഏഴു വര്‍ഷം ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലായിരുന്നു കഴിഞ്ഞിരുന്നത്. എംബസിയില്‍ മോറിസിനൊപ്പമുള്ള ജീവിതക്കാലത്ത് ഇദ്ദേഹം രണ്ടു കുട്ടികളുടെ പിതാവായിരുന്നു. അഭിഭാഷകയായ മോറിസ് ഒരു പതിറ്റാണ്ടിലേറെ കാലം അസാന്‍ജിന്റെ ജൂനിയറായി പ്രവര്‍ത്തിച്ചിരുന്നു.

രജിസ്ട്രാര്‍ നയിക്കുന്ന കല്യാണ ചടങ്ങുകള്‍ ജയിലിലെ സന്ദര്‍ശക സമയത്താണ് നടക്കുക. ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനറായ വിവിയെന്ന വെസ്റ്റ് വുഡാണ് മോറിസിന്റെയും അസാന്‍ജിന്റെയും വിവാഹ വസ്ത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത്. നേരത്തെ അസാന്‍ജിനെ കൈമാറുന്നതിനെതിരെയുള്ള കാംപയിനിലും ഇദ്ദേഹം സജീവമായിരുന്നു.

2019 ലാണ് ജൂലിയന്‍ അസാന്‍ജ് അറസ്റ്റിലായത്. ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയാര്‍ഥിയായിരുന്ന അസാന്‍ജിന് അവര്‍ രാഷ്ട്രീയ അഭയം പിന്‍വലിച്ചതോടെയാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. 2010ല്‍ അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകള്‍ അടക്കം അന്താരാഷ്ട്ര തലത്തില്‍ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ഓസ്‌ട്രേലിയന്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറായ ജൂലിയന്‍ അസാന്‍ജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. അമേരിക്കയ്ക്ക് ഭീഷണിയായ നിരവധി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രേഖകള്‍ വിക്കിലീക്‌സ് ചോര്‍ത്തിയിട്ടുണ്ടെന്നാണ് കണക്ക്.





Tags:    

Similar News