വീണ്ടും 'കബാലി'യിറങ്ങി; കെഎസ്ആര്‍ടിസി ബസ് കൊമ്പില്‍ കുത്തി ഉയര്‍ത്തി

Update: 2022-11-24 09:16 GMT

തൃശൂര്‍: അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍ വീണ്ടും ഒറ്റയാന്‍ കബാലിയുടെ പരാക്രമം. ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സിനു നേരെയായിരുന്നു ആക്രമണം. അമ്പലപ്പാറ ഒന്നാം ഹെയര്‍പിന്‍ വളവില്‍ ബുധനാഴ്ച രാത്രി 8 നാണ് സംഭവം. ആദ്യം ബസ് കടത്തിവിടാതെ ആന റോഡില്‍തന്നെ നില്‍ക്കുകയായിരുന്നു. പെട്ടന്ന് അക്രമാസക്തനായി വാഹനത്തിനു നേരേ പാഞ്ഞടുത്ത കാട്ടാന ബസ് കൊമ്പില്‍ കുത്തി ഉയര്‍ത്തി താഴെ വയ്ക്കുകയായിരുന്നു.

ബസ് മറിച്ചിടാനും ശ്രമമുണ്ടായി. ആര്‍ക്കും പരിക്കില്ലെങ്കിലും രണ്ടുമണിക്കൂറിലേറെ ആന ബസ്സിനു മുന്നില്‍ നിലയുറപ്പിച്ച് പരിഭ്രാന്തി പരത്തി. ഈ നേരമത്രയും ഗതാഗതം സ്തംഭിച്ചു. എട്ടരയോടെ മലക്കപ്പാറ എത്തേണ്ട ബസ് രാത്രി 11നാണ് ഇവിടെയെത്തിയത്. കഴിഞ്ഞയാഴ്ച സ്വകാര്യബസ്സിനു നേരെയും കബാലിയുടെ ആക്രമണമുണ്ടായി. ചാലക്കുടി വാല്‍പ്പാറ പാതയിലായിരുന്നു സംഭവം. ആന വാഹനത്തിനു നേരേ പാഞ്ഞടുത്തതോടെ എട്ട് കിലോമീറ്ററോളം ബസ് പിന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്.

അമ്പലപ്പാറ മുതല്‍ ആനക്കയം വരെയാണ് ഡ്രൈവര്‍ അംബുജാക്ഷന്‍ ബസ് സാഹസികമായി ഓടിച്ചത്. അതേസമയം, മദപ്പാടുണ്ടായതിനാലാണ് ഇത്തരത്തില്‍ വ്യാപക അക്രമം തുടരുന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. കബാലി എന്ന ആനയുടെ സാന്നിധ്യം റോഡിലുണ്ടെങ്കിലും ആക്രമണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിരുന്നില്ല. അടുത്ത കാലത്തായാണ് കബാലി കൂടുതല്‍ അക്രമണകാരിയാകുന്നത്.

Tags:    

Similar News