തൃശൂര്‍: വനാതിര്‍ത്തി ഗ്രാമമായ പോത്തന്‍ചിറയില്‍ ആള്‍താമസമില്ലാത്ത പറമ്പിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചരിഞ്ഞു. വെള്ളിക്കുളങ്ങര സ്വദേശി പഞ്ഞിക്കാരന്‍ യോഹന്നാന്റെ ഉടമസ്ഥതയിലുള്ള പോത്തന്‍ചിറയിലെ പറമ്പിലാണ് ചൊവ്വാഴ്ച രാവിലെ കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടത്. തുമ്പിക്കൈയും മുന്‍കാലുകളും ഉള്‍പ്പെടെ കുഴിയിലേക്ക് കൂപ്പുകുത്തിയ നിലയിലായതിനാല്‍ ആനയുടെ ജഡത്തിന്റെ പിന്‍ഭാഗം മാത്രമാണ് മുകളിലേക്ക് കാണുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലമാണിത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ഈ പ്രദേശത്ത് കാട്ടാനയിറങ്ങി റബര്‍, തെങ്ങ് അടക്കമുള്ള കാര്‍ഷിക വിളകള്‍ നശിപ്പിച്ച് വന്‍തോതില്‍ കൃഷി നാശമുണ്ടാക്കിയിരുന്നു. പഴയ സെപ്റ്റിക് ടാങ്കിനു മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകളില്‍ ചവിട്ടിയപ്പോള്‍ സ്ലാബ് തകര്‍ന്ന് ആന കുഴിയിലേക്ക് വീണതെന്നാണ് കരുതുന്നത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജോബിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആനയെ ഉയര്‍ത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ രാത്രിയോ ഇന്ന് പുലര്‍ച്ചയോ ആവാം ആന സ്ലാബില്‍ വീണതെന്നാണ് വനം വകുപ്പ് പറയുന്നത്.