മൂന്നാര്‍: വിനോദസഞ്ചാര മേഖലയായ മൂന്നാറില്‍ വീണ്ടും 'പടയപ്പ' എന്ന കാട്ടാന ഇറങ്ങി. മാട്ടുപ്പെട്ടി ഇക്കോ പോയിന്റിന് സമീപമാണ് പടയപ്പയെത്തിയത്. റോഡിലെത്തിയ പടയപ്പ വിനോദസഞ്ചാരികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയും ചെയ്തു. ആദ്യം മാട്ടുപ്പെട്ടി ജലാശയത്തിന് സമീപം പിന്നെ പതിയെ പതിയെ നടന്ന് ബോട്ടിങ് സെന്ററിന് അടുത്തെത്തി. ആരും വലിയ പ്രശ്‌നങ്ങളുണ്ടെക്കുന്നില്ലെന്ന് കണ്ടതോടെ റോഡിനടുത്ത് വില്‍പ്പനയ്‌ക്കെത്തിച്ച കരിക്കും പൈനാപ്പിളുമോക്കെ അകത്താക്കി. മൂന്നാറിലെ മറ്റു കാട്ടാനകളെ അപേക്ഷിച്ച് നിരുപദ്രവകാരിയാണ് പടയപ്പ.
നാട്ടിലിറങ്ങി വയറുനിറച്ച ശേഷം തിരികെ കാട്ടിലേക്ക് മടങ്ങുകയാണ് പതിവ് രീതി. പ്രദേശവാസികളും വിനോദസഞ്ചാരികളുമൊക്കെ പടയപ്പക്ക് ഭക്ഷണസാധനങ്ങള്‍ കൊടുക്കാറുണ്ട്. പടയപ്പ ഇപ്പോള്‍ ശാന്തനെങ്കിലും ശ്രദ്ധിക്കണമെന്നാണ് വനംവകുപ്പിന്റെ നിര്‍ദേശം. നവംബര്‍ ആദ്യവാരം തൊഴിലാളികളെ വരെ ഓടിച്ച് അക്രമാസക്തമാനായി നിന്ന പടയപ്പയെ വനംവകുപ്പാണ് തുരത്തി ഗുണ്ടുമലയിലെ കാടുകളിലെത്തിച്ചത്. വാച്ചര്‍മാര്‍ നിരീക്ഷണം നടത്തുന്നതിനിടെയാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് മാട്ടുപ്പെട്ടി ജലാശയം നീന്തി മൂന്നാര്‍ റോഡിലെത്തിയത്.