കോഴിക്കോട്: ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോഴിക്കോട്- മൈസൂര്‍ ദേശീയ പാതയില്‍ കര്‍ണാടക വനത്തിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലാണ് അപകടമുണ്ടായത്. ആന ചരിഞ്ഞതിനെതുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതകുരുക്ക് തുടരുകയാണ്. അപകടം നടന്ന ശേഷം ആനക്കൂട്ടം സ്ഥലത്ത് തമ്പടിച്ചിരുന്നു. ശേഷം വനപാലകരെത്തി ഏറെ പരിശ്രമിച്ചാണ് ആനയുടെ ജഡം മാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.
12 വര്‍ഷത്തിലേറെയായി ദേശീയപാതയില്‍ രാത്രിയാത്ര നിരോധനമുണ്ട്. രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ച ആറുവരെ അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, കാട്ടാനയെ ചരക്കുലോറി ഇടിച്ചത് രാത്രി യാത്ര വിലക്കുള്ള സമയത്താവാമെന്നാണ് നിഗമനം. ആറുമണിക്കൂറിലധികമായി സ്ഥലത്ത് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്. കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വാഹനങ്ങള്‍ ഇതുവരെയും കടത്തിവിടാന്‍ കഴിഞ്ഞിട്ടില്ല. നിരവധി വാഹനങ്ങളാണ് കേരള- കര്‍ണാടക ബോര്‍ഡറില്‍ കുടുങ്ങിക്കിടക്കുന്നത്.