നിലമ്പൂരിലെ 'വൈല്‍ഡ് ജീപ്പ് സഫാരി' : 16ല്‍ 14 കിലോമീറ്ററും റോഡിലൂടെ
കനോലി ഇക്കോ ടൂറിസം സെന്ററില്‍ നിന്നാണ് ജീപ്പ് യാത്ര തുടങ്ങുക. ഇവിടെ നിന്നും 16 കിലോമീറ്ററാണ് സഞ്ചാരം. ഇതില്‍ 14 കിലോമീറ്ററും വാഹനത്തിരക്കേറിയ റോഡിലൂടെയാണ്.
മലപ്പുറം: ലോകത്തെ ആദ്യ മനുഷ്യ നിര്‍മിത തേക്ക് തോട്ടമായ നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്ക് ടൂറിസം വകുപ്പ് എര്‍പ്പെടുത്തിയ 'വൈല്‍ഡ് ജീപ്പ് സഫാരി' യില്‍ വാഹനം ഓടുന്നത് അധികവും ടാറിട്ട റോഡിലൂടെ. കാട്ടിനകത്തു കൂടിയുള്ള സാഹസിക ജീപ്പ് യാത്ര എന്നാണ് പേര് എങ്കിലും യാത്രയുടെ 90 ശതമാനവും വാഹനത്തിരക്കേറിയ റോഡിലൂടെയാണ് സഞ്ചാരം. ഇതുകാരണം വിനോദ സഞ്ചാരികള്‍ യാത്രയെ കൈയ്യൊഴിയുകയാണ്.
കനോലീസ്് പ്ലോട്ട് എന്നു പ്രശസ്തമായ തേക്കുതോട്ടത്തിലേക്ക് ചാലിയാറിനു കുറുകെയുള്ള തൂക്കുപാലത്തിലൂടെ നടന്നാണ് സഞ്ചാരികള്‍ പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ വെള്ളപ്പൊക്കത്തില്‍ തൂക്കുപാലം തകര്‍ന്നു. ഇതോടെയാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിലമ്പൂര്‍ നോര്‍ത്ത് വനംവകുപ്പ്, ഫോറസ്റ്റ് ഡവലപ്‌മെന്റ് ഏജന്‍സി വഴി ജീപ്പ് സഫാരി ഏര്‍പ്പെടുത്തിയത്. കനോലി ഇക്കോ ടൂറിസം സെന്ററില്‍ നിന്നാണ് ജീപ്പ് യാത്ര തുടങ്ങുക. ഇവിടെ നിന്നും 16 കിലോമീറ്ററാണ് സഞ്ചാരം. ഇതില്‍ 14 കിലോമീറ്ററും വാഹനത്തിരക്കേറിയ റോഡിലൂടെയാണ്. നിലമ്പൂര്‍ ടൗണിലൂടെ ചന്തക്കുന്ന വഴി അകമ്പാടം എത്തി അവിടെ നിന്നും എളഞ്ചീരി റിസര്‍വ് വനം വരെ 14 കിലോമീറ്റര്‍ ദൂരം വിനോദ സഞ്ചാരികള്‍ മെയിന്‍ റോഡിലൂടെ തന്നെ സഞ്ചരിക്കണം. എളഞ്ചീരി റിസര്‍വ് വനത്തിലൂടെ വെറും രണ്ട് കിലോമീറ്റര്‍ മാത്രമാണ് വനത്തിലൂടെ ജീപ്പ് സഞ്ചരിക്കുക. ഇതിന് 200 രൂപയാണ് ഒരാള്‍ നല്‍കേണ്ടത്.
16 കിലോമാറ്റര്‍ ദൂരമുള്ള 'വൈല്‍ഡ് ജീപ്പ് സഫാരി' ക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ അവരുടെ വാഹനം കനോലി ഇക്കോ ടൂറിസം സെന്റര്‍ പരിസരത്ത് നിര്‍ത്തിയിട്ട് പകരം വനം വകുപ്പ് ഏര്‍പ്പാടാക്കിയ ജീപ്പില്‍ കയറണം. ഈ ജീപ്പ് മറ്റെല്ലാ വാഹനങ്ങളും സഞ്ചരിക്കുന്ന തിരക്കേറിയ റോഡിലൂടെ തന്നെയാണ് 14 കിലോമീറ്ററും സഞ്ചരിക്കുക. ഫലത്തില്‍ വെറും രണ്ട് കിലോമീറ്റര്‍ മാത്രമാണ് വനത്തിലൂടെയുള്ള ജീപ്പ് സഫാരി ആസ്വദിക്കാനാവുക. ആസൂത്രണത്തിലെ ഈ പിഴവ് കാരണം ഞായറാഴ്ച്ച ദിവസങ്ങളില്‍ പോലും സഞ്ചാരികള്‍ ജീപ്പ് സഫാരിക്ക് എത്താത്ത അവസ്ഥയാണ് ഉള്ളത്.