പോലിസിന്റെ തെമ്മാടിത്തം അനുവദിക്കില്ല; ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും: കെ സുധാകരന്‍ എംപി
കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ പൊലിസുകാരെ പാഠം പഠിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു
പാലക്കാട്: പൊലിസുകാരെ തോന്നിയപോലെ കയറൂരി വിടുന്ന ഭരണകൂടത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. അന്തസ്സും അഭിമാനബോധവുമില്ലാത്ത തെമ്മാടിത്തമാണ് പൊലീസുകാര്‍ കാണിച്ചത്. ഹോട്ടലില്‍ റെയ്ഡ് നടക്കുമ്പോള്‍ പുറത്ത് സിപിഎമ്മുകാരും ബിജെപിക്കാരും മുദ്രാവാക്യം വിളിക്കുകയായിരുന്നു. അവര്‍ക്ക് റെയ്ഡ് വിവരം നേരത്തേ ചോര്‍ന്നുകിട്ടി. അതു തന്നെ ആസൂത്രിതമാണെന്നും കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അര്‍ധരാത്രി റെയ്ഡ് നടത്തിയ പൊലിസുകാരെ പാഠം പഠിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
എന്നാല്‍ തിരഞ്ഞെടുപ്പുകാലത്ത് പൊലിസ് പരിശോധനകള്‍ നടത്താറുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് മന്ത്രിമാരുടെ വാഹനവും പരിശോധിച്ചു. ഞങ്ങള്‍ പരാതി പറഞ്ഞില്ല. പരിശോധന സ്വാഭാവികമാണ്. സിപിഎം നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. അവരാരും പ്രതിഷേധിച്ചില്ല. പരിശോധന ഇത്ര പുകിലായി മാറ്റേണ്ട കാര്യമെന്താണെന്നും രാജേഷ് ചോദിച്ചു.
വോട്ടര്‍മാരെ വിലയ്ക്കു വാങ്ങാന്‍ യുഡിഎഫ് വ്യാപക ശ്രമം നടത്തുകയാണെന്നായിരുന്നു ബിജെപി നേതാവ് സി കൃഷ്ണകുമാറിന്റെ പ്രതികരണം.