ഡല്‍ഹിയിലെ ആരോഗ്യ അടിയന്തിരാവസ്ഥ: ഇരുചക്ര വാഹനങ്ങളെ ഒഴിവാക്കിയുള്ള ഒറ്റ-ഇരട്ട വാഹന നിയന്ത്രണം ഗുണം ചെയ്യുമോ?

കാറുകളെക്കാള്‍ മലിനീകരണ സാധ്യത കുറവാണ് ഇരുചക്ര വാഹനങ്ങള്‍ക്കെന്നാണ് പൊതുവില്‍ കരുതുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഒഴിവാക്കിയതും അതുകൊണ്ടുതന്നെ. ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് ചില പഠനങ്ങള്‍ നല്‍കുന്ന സൂചന.

Update: 2019-11-04 12:50 GMT

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പുകമഞ്ഞ് ഡല്‍ഹിക്കാരുടെ ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ആരോഗ്യ അടിയന്തിരാവസ്ഥ നടപ്പാക്കാന്‍ തുനിഞ്ഞത്. വാഹനങ്ങളിലെ പുകയാണ് ഏറ്റവും ഗുരുതരമായ പ്രശ്‌നമായി കണക്കാക്കപ്പെടുന്നത്. അതിന്റെ ഭാഗമായി ഒറ്റ-ഇരട്ട വാഹനനിയന്ത്രണം ഇന്നു മുതല്‍ നടപ്പാക്കുകയാണ്. അത് ഗുണം ചെയ്യുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

ഒറ്റ-ഇരട്ട വാഹന നിയന്ത്രണം പാസഞ്ചര്‍ കാറുകള്‍ക്കാണ് പൊതുവില്‍ ബാധകമാവുക. ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട വിഐപികളുടെ വാഹനങ്ങള്‍, സ്ത്രീകള്‍ മാത്രമുള്ള വാഹനങ്ങള്‍ തുടങ്ങിയവ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണ് ഒഴിവാക്കിയതില്‍ മറ്റൊരു പ്രധാന ഇനം. കാറുകളെക്കാള്‍ മലിനീകരണ സാധ്യത കുറവാണ് ഇരുചക്ര വാഹനങ്ങള്‍ക്കെന്നാണ് പൊതുവില്‍ കരുതുന്നത്. ഇരുചക്ര വാഹനങ്ങള്‍ ഒഴിവാക്കിയതും അതുകൊണ്ടുതന്നെ. ഇത് പൂര്‍ണമായും ശരിയല്ലെന്നാണ് ചില പഠനങ്ങള്‍ നല്‍കുന്ന സൂചന.

ടെലിവിഷന്‍ ഹോസ്റ്റ് ആദം സാവേജ് ഡിസ്‌കവറി ചാനലിനു വേണ്ടി 2011 ല്‍ ഇത്തരമൊരു പഠനം നടത്തിയിരുന്നു. അതിനു വേണ്ടി അവര്‍ മൂന്നു കാറുകളും മൂന്നു മോട്ടോര്‍ സൈക്കിളുകളും തിരഞ്ഞെടുത്തു. അവയില്‍ ഒന്ന് 80 കളിലുള്ളത്, മറ്റൊന്ന് 90 കളിലുള്ളത്, അടുത്തത് രണ്ടായിരത്തിലുള്ളത്. ഇരുചക്ര വാഹനമാണോ നാലു ചക്രവാഹനമാണോ മലിനീകരണത്തിന്റെ കാര്യത്തില്‍ മുന്നില്‍ എന്ന് കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം.

ആറ് വാഹനങ്ങളും 30 മിനിട്ടു നേരം 20 മൈല്‍ യാത്ര ചെയ്തു. അതില്‍ 75 ശതമാനം സമയവും ഫ്രീ ഡ്രൈവായിരുന്നു. 25 ശതമാനം നഗരപരിധിയിലും ആയിരുന്നു. എല്ലാ വാനഹങ്ങളിലും മലിനീകരണത്തിന്റെ തോത് അളക്കാനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചു. എഞ്ചിനെ കുറിച്ച് പഠിക്കാനുളള സംവിധാനവും ഏര്‍പ്പെടുത്തി.

പഠനത്തിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. കാറിനെക്കാള്‍ ഇന്ധനം കുറച്ചു മാത്രമേ ഉപയോഗിക്കുന്നുള്ളുവെങ്കിലും ഇരുചക്ര വാഹനങ്ങള്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ മുന്നിലാണെന്നായിരുന്നു കണ്ടെത്തല്‍. കാര്‍ബണ്‍ ഡൈഓക്‌സൈഡ് പുറത്തുവിടുന്നതിന്റെ അളവ് കുറവാണെങ്കിലും പുകമഞ്ഞുണ്ടാക്കുന്ന ഹൈഡ്രോ കാര്‍ബണുകളുടെ കാര്യത്തില്‍ ഇരുചക്രവാഹനങ്ങള്‍ മുന്നിലായിരുന്നു.

2000 ത്തില്‍ പുറത്തിറങ്ങിയ ബൈക്കിന്റെ കാര്യം പരിശോധിച്ചപ്പോള്‍ കണ്ടതിങ്ങനെ: അതേ കാലത്തുള്ള കാറുകളെ അപേക്ഷിച്ച് അവയുടെ ഇന്ധനക്ഷമത കൂടുതലാണ്. പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന്റെ അളവും ഇരുചക്ര വാഹനങ്ങളിലാണ് കുറവ്. പക്ഷേ, പുകമഞ്ഞിന് കാരണമാകുന്ന ഹൈഡ്രോകാര്‍ബണ്‍ പുറത്തുവിടുന്നതില്‍ മോട്ടോര്‍ സൈക്കിളാണ് മുന്നില്‍. മലിനീകരണത്തിനു കാരണമാവുന്ന കാര്‍ബണ്‍ മോണോക്‌സൈഡിലും നൈഡ്രജന്‍ ഓക്‌സൈഡിലും ഇരുചക്ര വാഹനങ്ങള്‍ മുന്നില്‍ നില്‍ക്കുന്നു.

മോട്ടോര്‍ സൈക്കിളിന് കാറിനെ അപേക്ഷിച്ച് 28 ശതമാനം ഇന്ധനക്ഷമത കൂടുതലാണ്. ഇരുചക്ര വാഹനങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് 30 ശതമാനം കുറവാണ്. പക്ഷേ, ഇരുചക്ര വാഹനം പുറത്തുവിട്ട ഹൈഡ്രോ കാര്‍ബണിന്റെ അളവ് 416 ശതമാനം കൂടുതലായിരുന്നു. നൈഡ്രജന്‍ ഓക്‌സൈഡിന്റെ അളവ് 3220 ശതമാനവും കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് 8065 ശതമാനവും കൂടുതലായിരുന്നു.

ഡല്‍ഹിയില്‍ ജനസംഖ്യയേക്കാള്‍ കൂടുതല്‍ ഇരുചക്ര വാഹനങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഒരു ഭരണാധികാരിക്കും ഇരുചക്രവാഹനം ഒറ്റ ഇരട്ട പദ്ധതിയിലേക്ക് കൊണ്ടുവരാനാവില്ല. അത് നഷ്ടപ്പെടുത്തുന്നത് അവരുടെ വോട്ട് ബാങ്കായിരിക്കുമല്ലോ. ചുരുക്കത്തില്‍ ഡല്‍ഹിയിലെ ഒറ്റ ഇരട്ട നിയന്ത്രണം ഇരുചക്രവാഹനങ്ങളെ ഒഴിവാക്കി നടപ്പാക്കിയിട്ട് ഫലമില്ലെന്ന സൂചനയാണ് പഠനങ്ങള്‍ നല്‍കുന്നത്.

മെട്രോ ടിക്കറ്റ് ചാര്‍ജ്ജ് കുറച്ചും പൊതുഗതാഗതം വര്‍ദ്ധിപ്പിച്ചും പലതും സൗജന്യമാക്കിയും അവര്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ കഴിയും. അതേസമയം മെട്രോയുടെ സാമ്പത്തികാരോഗ്യത്തെ പരിഗണിക്കാതെ തീരുമാനങ്ങളെടുക്കരുതെന്ന കോടതി വിധി നിലവിലുണ്ട്. അതുകൊണ്ടുതന്നെ അങ്ങനെയൊരു തീരുമാനം എടുക്കാനുമാവില്ല. 

Tags:    

Similar News