ചീഫ് ജസ്റ്റിസ് എന്‍ വി രമണ വിരമിക്കാന്‍ പത്ത് ദിവസം മാത്രം, വിധി പറയാനിരിക്കുന്നത് 5 സുപ്രധാന കേസുകള്‍

Update: 2022-08-08 15:00 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ വിരമിക്കല്‍ തിയ്യതി അടുത്തുവരുമ്പോള്‍ അദ്ദേഹം വിധിപറയാന്‍ ബാക്കിവച്ചത് അഞ്ച് സുപ്രധാന കേസുകള്‍. മഹാരാഷ്ട്ര രാഷ്ട്രീയം മുതല്‍ ഹിജാബ് കേസുകള്‍ വരെ ഉള്‍പ്പെടുന്നതാണ് ഇവ.

മഹാരാഷ്ട്രയില്‍ ഷിന്‍ഡെ വിഭാഗം ഉദ്ദവ് താക്കറെയെ നിലംപരിശാക്കി ബിജെപിയുമായി ചേര്‍ന്നതോടൊപ്പം ശരിയായ ശിവസേന തങ്ങളാണെന്ന് അവകാശപ്പെട്ടാണ് കോടതിയില്‍ എത്തിയത്. വിധി കാത്തിരിക്കുന്ന ഒരു പ്രധാന കേസ് ഇതാണ്.

രാജ്യത്തെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി സ്വന്തം കാബിനറ്റിലെ മന്ത്രിയുടെവരെ ഫോണ്‍ ചോര്‍ത്തി വിവരങ്ങള്‍ ശേഖരിച്ച പെഗസസ് സോഫ്റ്റ് വെയര്‍ കേസാണ് രണ്ടാമത്തേത്. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനെ കൗണ്‍സില്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര വഖഫ് ബോര്‍ഡ് നല്‍കിയ ഹരജി, വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെതിരേ കര്‍ണാടക ഹൈക്കോടതി നല്‍കിയ വിധി ചോദ്യം ചെയ്തുകൊണ്ട് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി, പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹരജികള്‍, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനെതിരേ നല്‍കിയ ഹരജി - തുടങ്ങിയവയാണ് വിധി പറയാന്‍ കാത്തിരിക്കുന്ന മറ്റ് ഹരജികള്‍.

ജുഡീഷ്യല്‍ ഒഴിവുകള്‍ നികത്താത്തതും ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താത്തതുമാണ് രാജ്യത്ത് കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണമെന്നാണ് ജസ്റ്റിസ് രമണ പറയുന്നത്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് നീതി ലഭ്യമാക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറയുന്നു.

ആഗസ്ത് 26നാണ് അദ്ദേഹം വിരമിക്കുന്നത്.

Tags:    

Similar News