പ്രവേശനം നിഷേധിച്ചു; ഡല്‍ഹിയില്‍ ആശുപത്രിക്ക് പുറത്ത് കുഞ്ഞിന് ജന്‍മം നല്‍കി യുവതി

Update: 2022-07-20 01:58 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് യുവതി ആശുപത്രി മന്ദിരത്തിന് പുറത്ത് കുഞ്ഞിന് ജന്‍മം നല്‍കിയതായി പരാതി. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത്. അത്യാഹിത വാര്‍ഡിന് പുറത്ത് 21കാരിയായ യുവതി കുഞ്ഞിന് ജന്‍മം നല്‍കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടക്കുന്നതുവരെ അഞ്ച് ഡോക്ടര്‍മാരെ ജോലിചെയ്യുന്നതില്‍ നിന്നും തടയുകയും ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. സംഭവത്തില്‍ സഫ്ദര്‍ജങ് ആശുപത്രിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്നും അത്യാഹിത വിഭാഗത്തിന് പുറത്ത് രാത്രി കഴിച്ചുകൂട്ടിയെന്നുമാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. ജൂലൈ 25നകം അന്വേഷണ റിപോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷനും ആശുപത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ സഫ്ദര്‍ജങ് ആശുപത്രിയും അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഗര്‍ഭിണിയായ യുവതിക്ക് ചുറ്റും സാരി കൊണ്ട് മറച്ച് സ്ത്രീകള്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സംഭവസ്ഥലത്ത് നഴ്‌സുമാരുമുണ്ട്. തിങ്കളാഴ്ച ആശുപത്രിയിലെത്തിയ യുവതിയെ മെറ്റേണിറ്റി വാര്‍ഡിലോ ലേബര്‍ വാര്‍ഡിലോ പ്രവേശിപ്പിച്ചില്ലെന്നും അന്ന് രാത്രി യുവതി അത്യാഹിത വാര്‍ഡിന്റെ പുറത്ത് കഴിയുകയായിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ വീഡിയോയില്‍ ആരോപിക്കുന്നു.

ഗാസിയാബാദ് സ്വദേശിയായ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സൗത്ത് വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സി മനോജ് അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഗൈനക്കോളജി വിഭാഗത്തിലെ മുതിര്‍ന്ന ഡോക്ടറാണ് ഇരുവരെയും ചികില്‍സിക്കുന്നതെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, രോഗിയെ തിരിച്ചയച്ചുവെന്ന ആരോപണം ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ നിഷേധിച്ചു. ആവശ്യമായ പ്രവേശന രേഖകളുമായി യുവതി എത്തിയില്ലെന്ന് അധികൃതര്‍ പറയുന്നു.

Tags:    

Similar News