സ്ത്രീ സുരക്ഷ വാക്കുകളില്‍ ഒതുങ്ങുന്നു; സ്ത്രീസമൂഹം ജാഗ്രത പുലര്‍ത്തണം: എന്‍ഡബ്ല്യൂഎഫ്

Update: 2022-03-08 14:14 GMT

മാനന്തവാടി: സ്ത്രീ സുരക്ഷ വാക്കുകളില്‍ മാത്രം ഒതുങ്ങുകയും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ പോലും രാജ്യത്ത് നിഷേധിക്കുകയാണെന്നും എന്‍ഡബ്ല്യൂഎഫ് സംസ്ഥാന കമ്മിറ്റി അംഗം വി എസ് ഷമീന. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നാഷണല്‍ വിമന്‍സ് ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി 'സ്ത്രീ സുരക്ഷ കേവല മുദ്രാവാക്യമല്ല; അന്തസ്സും അഭിമാനവുമാണെ'ന്ന ശീര്‍ഷകത്തില്‍ ഗാന്ധിപ്പാര്‍ക്കില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

പൊതുസമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 4.30ന് സെഞ്ച്വറി ഹോട്ടല്‍ പരിസരത്ത് നിന്നും ആരംഭിച്ച അവകാശ സംരക്ഷണ റാലി പോസ്‌റ്റോഫീസ് റോഡ്, ജോസ് തിയേറ്റര്‍ എന്നിവ ചുറ്റി ഗാന്ധിപ്പാര്‍ക്കില്‍ സമാപിച്ചു. ശേഷം നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ടി ഖദീജ അധ്യക്ഷത വഹിച്ചു.

പ്രശസ്ത സിനിമ സംവിധായിക ലീല സന്തോഷ്, സാമൂഹിക പ്രവര്‍ത്തക സ്വപ്ന ആന്റണി, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ബബിത ശ്രീനു, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം സല്‍മ അഷ്‌റഫ്, കാംപസ് ഫ്രണ്ട് വയനാട് ജില്ലാ വൈസ് പ്രസിഡന്റ് നിഹാല നസ്രിന്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. സംവിധായിക ലീലാ സന്തോഷിനെയും സാമൂഹിക പ്രവര്‍ത്തക സ്വപ്‌ന ആന്റണിയെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ജില്ലാ സെക്രട്ടറി നാസിറ വി പി സ്വാഗതവും സുമയ്യ സലീം നന്ദിയും അര്‍പ്പിച്ചു.

Tags:    

Similar News