അതിക്രമങ്ങള്‍ക്കെതിരേ സ്ത്രീകള്‍ പോരാട്ടത്തിനിറങ്ങണം: ഷാഹിദാ അസ്‌ലം
പി എം ജസീല എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് , സി ഖമറുന്നിസ ജനറല്‍ സെക്രട്ടറി
പുത്തനത്താണി(മലപ്പുറം): സ്ത്രീകള്‍ തുടര്‍ച്ചയായ അതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ നിലനില്‍പ്പിനായി പോരാടേണ്ടതും അവരെ ശാക്തീകരിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും പൊതു സമൂഹത്തിന്റെ ബാധ്യതയാണെന്ന് എന്‍ഡബ്ല്യൂഎഫ് ദേശീയ പ്രസിഡന്റ് ഷാഹിദാ അസ്‌ലം പ്രസ്താവിച്ചു. നാഷനല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അസമിലെ ധരാങ്ങിലെ കുടിയൊഴിപ്പിക്കലിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലിസ് നടത്തിയ ക്രൂരമായ വെടിവയ്പ് ഭരണകൂടത്തിന്റെ വംശീയ വേട്ടയുടെ തുടര്‍ച്ചയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടത് അനിവാര്യമാണെന്നും അവര്‍ പറഞ്ഞു.
എം ഹബീബ അധ്യക്ഷത വഹിച്ചു. ടി ഷാഹിന വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, ഡോ. ഫൗസീന തക്ബീര്‍, സമീറ, ഷമീന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഫരീദാ ഹസന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സംസ്ഥാന പ്രസിഡന്റായി പി എം ജസീല, ജനറല്‍ സെക്രട്ടറിയായി സി ഖമറുന്നിസ എന്നിവരെയും വൈസ് പ്രസിഡന്റായി എ ആമിന, സെക്രട്ടറിമാരായി ടി ഷാഹിന, കെ എം മുംതാസ്, ഖജാഞ്ചിയായി എം ഹബീബ എന്നിവരെയും തിരഞ്ഞെടുത്തു. സംസ്ഥാന സമിതി അംഗങ്ങള്‍: കവിതാ നിസാര്‍, എം മാജിദ, പി കെ റംല, ഹനാന്‍ ബിന്‍ത് ജലീല്‍, കെ നൂറ, എ ബുഷ്‌റ, എസ് വി ഷമീന.