യുപി പാര്‍ലമെന്റില്‍ വാക്‌പോര്: മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്ന് അഖിലേഷിനോട് യോഗി
ലഖ്‌നോ: ഗവര്‍ണറുടെ പ്രസംഗത്തിന്മേല്‍ നടത്തിയ ചര്‍ച്ചക്കിടയില്‍ വിവിധ സര്‍ക്കാരുകളുടെ നേട്ടങ്ങളെച്ചൊല്ലി യുപി നിയമസഭയില്‍ വാക്‌പോര്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അഖിലേഷിനെയും മുന്‍ സര്‍ക്കാരിനെയും കുറിച്ചുള്ള പരാമര്‍ശമാണ് പ്രതിപക്ഷബെഞ്ചില്‍ പ്രതിഷേധം സൃഷ്ടിച്ചത്. ഇതോടെ മറ്റ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇടപെടുകയും തര്‍ക്കം രൂക്ഷമാവുകയും ചെയ്തു.
പാര്‍ലമെന്റേതരമായ വാക്കുകള്‍ ഉപയോഗിക്കരുതെന്നും ഭീഷണികളും മറ്റും സഭാ നടപടികളുടെ ഭാഗമാകരുതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
ഗവര്‍ണറുടെ പ്രസംഗത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ താന്‍ മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ അഖിലേഷ് യാദവ് പ്രശംസിക്കുകയാണെന്നാണ് മൗര്യ സഭയില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എന്തെങ്കിലും ഗുണം ചെയ്തിരുന്നെങ്കില്‍, തിരഞ്ഞെടുപ്പില്‍ ആളുകള്‍ സമാജ്‌വാദി പാര്‍ട്ടിയെ ജനങ്ങള്‍ പുറത്താക്കുമായിരുന്നില്ലെന്നും മൗര്യ പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി ഭരണകാലത്ത് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചെന്നെന്ന അഖിലേഷ് യാദവിന്റെ അഭിപ്രായം അവകാശവാദമാണെന്നാണ് മൗര്യ പറഞ്ഞത്. 'തന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ നേട്ടങ്ങള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ രോഗമെന്താണ്? എന്തെങ്കിലും രോഗമുണ്ടെങ്കില്‍, നിങ്ങള്‍ പരിശോധനക്ക് വിധേയനാകണം'-മൗര്യ പരിഹസിച്ചു.
'പ്രതിപക്ഷ നേതാവിന് ആവശ്യമുള്ളിടത്ത് നിന്ന് ശരിയായ ചികിത്സ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ പദ്ധതികളിലും സമാജ്‌വാദി പാര്‍ട്ടിയുടെ സ്റ്റിക്കര്‍ ഒട്ടിക്കുന്ന ഈ രോഗത്തില്‍ നിന്ന് മുക്തി നേടിയേ പറ്റൂ. നിങ്ങള്‍ അഞ്ച് വര്‍ഷമായി അധികാരത്തിന് പുറത്താണ്. ഇപ്പോള്‍ വീണ്ടും പുറത്തായിരിക്കുന്നു. അടുത്ത 25 വര്‍ഷത്തേക്ക് വരാനും പോകുന്നില്ല''- മൗര്യ കൂട്ടിച്ചേര്‍ത്തു.
'റോഡുകളും എക്‌സ്പ്രസ് വേയും മെട്രോയും ആരാണ് ഉണ്ടാക്കിയത്? സൈഫായിലെ നിങ്ങളുടെ ഭൂമി വിറ്റ് നിര്‍മ്മിച്ച പോലെയാണ് സംസാരിക്കുന്നത്'- ഇത്രകൂടി പറഞ്ഞതോടെ അഖിലേഷ് പ്രകോപിതനായി. പാര്‍ട്ടി അംഗങ്ങളും ശക്തമായ വാക്കുകളിലൂടെ തിരിച്ചടിച്ചു.
ഇതോടെ യോഗി എഴുന്നേറ്റ് മൗര്യയെ മോശമായി ചിത്രീകരിക്കുന്നതിനെ പ്രതികരിച്ചു. 'ഒരു ബഹുമാന്യനായ നേതാവിനെതിരെ അസഭ്യമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയല്ല. നിങ്ങള്‍ ഇത്രയധികം പ്രകോപിതരാകാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവിനോട് ഞാന്‍ വളരെ മാന്യമായി പറയും. സൈഫായില്‍ ഞങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളോ നിങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് നടന്നേക്കാവുന്ന വികസന പ്രവര്‍ത്തനങ്ങളോ തുടരുക ഞങ്ങളുടെ കടമയാണ്. അത് ഞങ്ങള്‍ പറയുകയും ചെയ്യും. ആ നേട്ടം വിളിച്ചുപറയാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു.
നടപടിക്രമങ്ങളില്‍ നിന്ന് അനുചിതമായ വാക്കുകള്‍ നീക്കം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് രേഖകള്‍ പരിശോധിക്കുമെന്ന് സ്പീക്കര്‍ സതീഷ് മഹാന അറിയിച്ചു.
ഒരു ദിവസം മുമ്പ് യുപി നിയമസഭയില്‍ ക്രമസമാധാന പ്രശ്‌നത്തെച്ചൊല്ലി അഖിലേഷ് യാദവുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളാകും. ചിലപ്പോള്‍ തെറ്റ് സംഭവിക്കുമെന്ന മുലായം സിങ്ങിന്റെ പരാമര്‍ശം യോഗി ഓര്‍മിപ്പിച്ചതും പുതിയ ബഹളത്തിന് കാരണമായി.