ദിവസം 16 മണിക്കൂര്‍ ജോലി: രാത്രി പാറാവുകാരുടെ പരാതി മാര്‍ച്ച് 31ന് മുമ്പ് പരിഹരിക്കണം- മനുഷ്യാവകാശ കമ്മീഷന്‍
ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര (റൂള്‍സ്) വകുപ്പിന്റെ പരിഗണനയില്‍ 2017 മുതലുള്ള ഫയലില്‍ മാര്‍ച്ച് 31 ന് മുമ്പായി തീരുമാനമെടുത്ത് ജീവനക്കാരുടെ പരാതികള്‍ പൂര്‍ണമായി പരിഹരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം: ദിവസം 16 മണിക്കൂര്‍വീതം ആഴ്ചയില്‍ 6 ദിവസവും ജോലിചെയ്യുന്ന രാത്രി പാറാവുകാരുടെ പരാതികള്‍ മാര്‍ച്ച് 31ന് മുമ്പ് പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര (റൂള്‍സ്) വകുപ്പിന്റെ പരിഗണനയില്‍ 2017 മുതലുള്ള ഫയലില്‍ മാര്‍ച്ച് 31 ന് മുമ്പായി തീരുമാനമെടുത്ത് ജീവനക്കാരുടെ പരാതികള്‍ പൂര്‍ണമായി പരിഹരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കി. 2017ല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ 2020 തീരാറായിട്ടും അവസാനിക്കാത്തത് രാത്രി പാറാവുകാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. വൈകിയെത്തുന്ന നീതി, നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന കാര്യം അധികൃതര്‍ മറക്കരുതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സമാന വിഷയത്തില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ 2017 മാര്‍ച്ച് 22ന് പാസാക്കിയ ഉത്തരവ് കൂടി പരിഗണിച്ച് ഉചിത തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പിഎസ്‌സി നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് റാങ്ക് ലിസ്റ്റില്‍ നിന്നാണ് രാത്രി പാറാവുകാരെ നിയമിക്കുന്നത്. അതേസമയം ഇതേ ലിസ്റ്റില്‍ നിന്നും നിയമിക്കുന്ന ഓഫിസ് അറ്റന്‍ഡന്റിനും മറ്റും ദിവസം പരമാവധി 8 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. 16 മണിക്കൂര്‍ ജോലിചെയ്യുന്ന വാച്ച്മാന്‍മാര്‍ക്ക് അലവന്‍സോ അധികവേതനമോ നല്‍കുന്നില്ല. നൈറ്റ് വാച്ച്മാന്‍, ഓഫിസ് അറ്റന്‍ഡന്റെ് ആയി മാറിയാല്‍ സീനിയോറിറ്റി നഷ്ടമാകും. ഒരേ ലിസ്റ്റില്‍ നിന്നും നിയമിക്കപ്പെടുന്ന തങ്ങള്‍ക്ക് നീതി ലഭ്യമാക്കണം എന്നതാണ് ആവശ്യം. എ എച്ച് ഹരിദര്‍ശന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.