മഹാമാരികള്‍ അവസാനിച്ചിട്ടില്ല: രാഷ്ട്രങ്ങള്‍ പൊതുജനാരോഗ്യരംഗത്തെ നിക്ഷേപം വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകരാഷ്ട്രങ്ങള്‍ പൊതുജനാരോഗ്യരംഗത്തെ നിക്ഷേപം വര്‍ധിപ്പിക്കേണ്ട കാലമായെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഭാവിയില്‍ പൊട്ടിപ്പുറപ്പെടാനിടയുള്ള പകര്‍ച്ചവ്യാധികളും മഹാമാരികളും നേരിടാന്‍ നിക്ഷേപം വര്‍ധിപ്പിച്ചേ തീരൂവെന്നും ഡോ. ഗെബ്രിയേസസ് ആഹ്വാനം ചെയ്തു.
'ഇത് അവസാനത്തെ പകര്‍ച്ചവ്യാധിയാകില്ലെന്ന് ചരിത്രം പറയുന്നു, പകര്‍ച്ചവ്യാധികള്‍ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്'- അന്താരാഷ്ട്ര പകര്‍ച്ചവ്യാധി ദിനത്തിന്റെ ഭാഗമായി ലോത്തിന് നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 27ാം തിയ്യതിയാണ് അന്താരാഷ്ട്ര പകര്‍ച്ചവ്യാധി ദിനം.
'സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും പിന്തുണയോടെ പൊതുജനാരോഗ്യരംഗത്ത് നിക്ഷേപം വര്‍ധിക്കുന്നതുവഴി നമ്മുടെ കുട്ടികള്‍ക്കും അവരുടെ ഭാവി തലമുറയ്ക്കും മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഒരു ലോകം ഉറപ്പാക്കാന്‍ കഴിയും''- ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.
'കൊവിഡ് 1.7 ദശലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുകയും സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്ത കൊവിഡ് 19ന്റെ കാലത്ത് ആരോഗ്യരംഗത്ത് വലിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.