യൂനിഫോമില്ലാതെ വന്ന മേലുദ്യോഗസ്ഥയെ തിരിച്ചറിഞ്ഞില്ല: 'നിയമം നടപ്പിലാക്കിയ' വനിതാ പോലീസുകാരിക്ക് ശിക്ഷ

സംഭവത്തില്‍ പ്രകോപിതയായ ഉന്നത ഉദ്യോഗസ്ഥ വനിതാ പോലീസുകാരിയോടെ വിശദീകരണം ആവശ്യപ്പെട്ടു. അതിനു പുറമെ രണ്ടു ദിവസം ട്രാഫിക് ഡ്യൂട്ടി ചെയ്യാനും ആവശ്യപ്പെട്ടു.

Update: 2021-01-13 04:44 GMT
കൊച്ചി: പോലീസ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കാനൊരുങ്ങിയ സ്ത്രീയെ കൊവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ തടഞ്ഞ വനിതാ പോലീസുകാരിക്ക് ശിക്ഷ. കൊച്ചി സിറ്റി പോലീസിലെ ഉന്നത ഉദ്യോഗസ്ഥയെ ആളെ മനസ്സിലാകാതെ തടഞ്ഞതിനാണ് പാറാവു ചുമതലയിലുണ്ടായിരുന്ന വനിതാ പോലീസുകാരിയെ ശിക്ഷിച്ചത്. സ്റ്റേഷനിലേക്ക് സാധാരണ വസ്ത്രത്തില്‍ മാസ്‌ക് ധരിച്ച് അധികാര ഭാവത്തില്‍ കയറാനെത്തിയ ഉന്നത ഉദ്യോകസ്ഥയെ പാറാവു ഡ്യൂട്ടിയില്‍ നിന്ന വനിതാ പോലീസുകാരി തടയുകയായിരുന്നു. കൊവിഡ് കാലത്ത് പൊതുജനങ്ങളെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കരുത് എന്ന ഉത്തരവ് നടപ്പിലാക്കുകയാണ് അവര്‍ ചെയ്തത്. എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് സിറ്റി പോലീസില്‍ ചുമതലയേറ്റ ഉന്നത ഉദ്യോഗസ്ഥയാണ് അവരെന്ന് അറിഞ്ഞതോടെ പിന്‍മാറുകയും ചെയ്തു.


പക്ഷേ സംഭവത്തില്‍ പ്രകോപിതയായ ഉന്നത ഉദ്യോഗസ്ഥ വനിതാ പോലീസുകാരിയോടെ വിശദീകരണം ആവശ്യപ്പെട്ടു. അതിനു പുറമെ രണ്ടു ദിവസം ട്രാഫിക് ഡ്യൂട്ടി ചെയ്യാനും ആവശ്യപ്പെട്ടു. എന്നാല്‍ സംഭവം പോലീസുകാര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. അടുത്തിടെ ചുമതലയേറ്റെടുത്ത ഉദ്യോഗസ്ഥ യൂണിഫോമിലല്ലാത്തതിനാലും മാസ്‌ക് ധരിച്ചതിനാലും തിരിച്ചറിയാനുള്ള സാധ്യത കുറവാണ്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ സ്‌റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ട്. ഇതിന്റെയെല്ലാം പേരില്‍ വനിതാ പോലീസുകാരിക്ക്് സംഭവിച്ച അബദ്ധം മാപ്പാക്കാമായിരുന്നു എന്നാണ് പോലീസ് സേനയിലെ സംസാരം.




Tags:    

Similar News