തിരൂര്‍: അന്തര്‍സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്നയാള്‍ മോഷ്ടിച്ച ബുള്ളറ്റുമായി തിരൂര്‍ പോലിസിന്റെ പിടിയിലായി. കൂട്ടായി അവളന്റെപുരയ്ക്കല്‍ ഹസൈനാര്‍ (30) ആണ് പിടിയിലായത്. തിരൂര്‍ പോലിസ് വാഹനപരിശോധന നടത്തുന്ന സമയത്ത് തിരൂര്‍ ടൗണ്‍ പരിസരത്തുനിന്നും സംശയാസ്പദായ സാഹചര്യത്തില്‍ ബുള്ളറ്റുമായി യുവാവിനെ കാണപ്പെടുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് തേഞ്ഞിപ്പാലം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മോഷണം പോയ ബുള്ളറ്റാണ് പ്രതി ഉപയോഗിക്കുന്നതെന്ന് അറിയുന്നത്. കോതപറമ്പ കോടതിയില്‍ ഹാജരാക്കിയ കോടതി പ്രതിയെ റിമാന്റ് ചെയ്തു. പ്രതി തമിഴ്‌നാട്, ആന്ധ്ര, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് തിരൂര്‍ ടൗണിലും തീരദേശ മേഖലകളിലും കച്ചവടം ചെയ്യുന്ന ആളുകളില്‍പ്പെടുന്ന പ്രധാനിയാണ്. തീരദേശത്തെ അടിപിടി കേസുകളില്‍ ഉള്‍പ്പെട്ട് മുമ്പ് ജയിലില്‍ കിടന്നിട്ടുള്ളയാളാണ് പ്രതി.
പ്രതിക്ക് കഞ്ചാവെത്തിക്കുന്നവര്‍ക്കെതിരെയും ഈ കഞ്ചാവ് ടൗണില്‍ അന്തര്‍സംസ്ഥാന തോഴിലാളികള്‍ക്കും മറ്റും വില്‍പ്പന നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്കെതിരേയും അറസ്റ്റ് നടപടികളുണ്ടാവും. തിരൂര്‍ പോലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ ജിജോ, എസ്‌ഐ ജലീല്‍ കരുത്തേടത്, പ്രമോദ്, സനീത്, എഎസ്‌ഐ ദിനേശ്, എസ്‌സിപിഒ രാജേഷ്, ജയപ്രകാശ്, സുമേഷ്, സിപിഒ അജിത്ത്, ശ്രീജിത്ത് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.