യുവാവിനെ കുളത്തില്‍ മരിച്ചതായി കണ്ടെത്തിയ സംഭവം: സഹപ്രവര്‍ത്തകന്‍ പിടിയില്‍
വൈശാഖിന്റെ ആന്തരിക അവയവങ്ങള്‍ക്ക് മാരകമായ പരുക്കേറ്റതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
മലപ്പുറം: താനൂരില്‍ മരപ്പണിക്കെത്തിയ ബേപ്പൂര്‍ സ്വദേശി വൈശാഖി(28)നെ കുളത്തില്‍ മരിച്ചതായി കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വൈശാഖിനെ കൊലപ്പെടുത്തിയതിന് സഹപ്രവര്‍ത്തകനും പാലക്കാട് കുമരംപുത്തൂര്‍ സ്വദേശിയുമായ ദിനൂപിനെ താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വൈശാഖിന്റെ തൊണ്ടക്കുഴിയില്‍ മുട്ടുകാല്‍ കൊണ്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം നടത്തിയത്. വൈശാഖിന്റെ ആന്തരിക അവയവങ്ങള്‍ക്ക് മാരകമായ പരുക്കേറ്റതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
താനൂരിലെ മരപ്പണിശാലയില്‍ സഹപ്രവര്‍ത്തകരാണ് വൈശാഖും ദിനൂപും. 13 വര്‍ഷമായി ജോലി ചെയ്യുന്ന ദിനൂപിനെക്കാള്‍ ഒരു വര്‍ഷം മുമ്പ് ജോലിക്ക് വന്ന വൈശാഖിന് ലഭിച്ച സ്വീകാര്യതയാണ് പ്രതിക്ക് വൈരാഗ്യമുണ്ടാകാനും കൊലപാതകത്തിനും കാരണമായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ പി.വി.എസ് തിയ്യറ്ററിന് അടുത്തുള്ള കുളത്തില്‍ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതി ദിനൂപായിരുന്നു. വൈശാഖിന്റെ മൃതദേഹം കുളത്തിലുണ്ടാകാമെന്ന പ്രതിയുടെ അഭിപ്രായ പ്രകടനം, തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍, മൊഴികളിലെ വൈരുദ്ധ്യം എന്നിവ ദിനൂപിനെ സംശയിക്കാന്‍ കാരണമായി. മരിക്കുന്നതിന് തൊട്ടു മുന്‍പുള്ള രാത്രിയില്‍ വൈശാഖും സുഹൃത്തുക്കളും ഒന്നിച്ച് മദ്യപിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കുളത്തില്‍ കാണപ്പെട്ട വൈശാഖിന്റെ മൃതശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളും ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതവും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകള്‍ ലഭിച്ചത്.