പ്രസവം നിര്‍ത്താനാവശ്യപ്പെട്ട് ലേബര്‍ റൂമില്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; മെഡിക്കല്‍ കോളജ് നഴ്‌സിനെതിരേ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്

Update: 2022-06-11 16:35 GMT

കല്‍പ്പറ്റ: പ്രസവം നിര്‍ത്താനാവശ്യപ്പെട്ട് പൂര്‍ണഗര്‍ഭിണിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സ് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ഡിഎംഒ ചുമതലപ്പെടുത്തിയ അന്വേഷണസംഘം ബന്ധപ്പെട്ടവരില്‍ നിന്നും മൊഴികള്‍ രേഖപ്പെടുത്തി. രണ്ട് ഡെപ്യൂട്ടി ഡിഎംഒ, ഗൈനക്കോളജിസ്റ്റ്, നഴ്‌സിങ് സൂപ്രണ്ട് എന്നിവരടങ്ങിയ നാലംഗസംഘത്തെയാണ് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഡിഎംഒ ചുമതലപ്പെടുത്തിയത്. ഇവര്‍ പരാതിക്കാരില്‍നിന്നും ആശുപത്രി ജീവനക്കാരില്‍ നിന്നും മൊഴിയെടുത്ത ശേഷം ഡിഎംഒക്ക് തിങ്കളാഴ്ച റിപോര്‍ട്ട് സമര്‍പ്പിക്കും. ആരോഗ്യവകുപ്പ് ഡയറക്ടറാണ് തുടര്‍നടപടികളെടുക്കുക.

തലപ്പുഴ കൈതക്കൊല്ലി സ്വദേശിനിയായ ഫരീദ തേവ് ആണ് ഇതുസംബന്ധിച്ച് ഡിഎംഒയ്ക്കും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്‍കിയത്. മെഡിക്കല്‍ കോളജ് സ്റ്റാഫ് നഴ്‌സ് അനീറ്റക്കെതിരേയാണു പരാതി. ഈ മാസം എട്ടിന് രാവിലെയാണ് യുവതിയെ പ്രസവത്തിനായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 1.30ന് പ്രസവം നടന്നു. പ്രസവവേദന സഹിക്കാനാവാതെ വന്നതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് അനീറ്റയോട് കാര്യം പറഞ്ഞു. നഴ്‌സ് ശ്രദ്ധിച്ചില്ല. കുട്ടിയുടെ തല പുറത്തേക്കുവന്നപ്പോഴും നഴ്‌സ് മൊബൈല്‍ ഉപയോഗത്തിലായിരുന്നു. വീണ്ടും കരഞ്ഞുപറഞ്ഞപ്പോള്‍ നഴ്‌സ് രോഷം കൊണ്ടു. 'നിനക്ക് വേദനയുണ്ടെങ്കില്‍ നീ സഹിക്കണം' എന്നും 'ഞാന്‍ സഹിക്കില്ല' എന്നും നഴ്‌സ് പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഒന്ന് താങ്ങുക പോലും ചെയ്യാതെയാണ് ലേബര്‍ റൂമിലേക്ക് കൊണ്ടുപോയത്.

തല കറങ്ങുന്നുവെന്ന് പറഞ്ഞിട്ടും നഴ്‌സ് പിടിച്ചില്ല. ലേബര്‍ റൂമില്‍ കിടത്തിയതിനുശേഷം വേദന കൊണ്ട് കരഞ്ഞപ്പോള്‍ ഇടതുകാലിന്റെ തുടയില്‍ ഒരുപാട് തവണ അടിച്ചു. എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ 'അടി നിര്‍ത്തി, ഇനി പ്രസവം നിര്‍ത്തുമോ' എന്ന് ചോദിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. 'മൂന്ന് കുട്ടികളായില്ലേ, ഇനിയെങ്കിലും നിര്‍ത്തിക്കൂടേ' എന്നും 'വയസാവുന്നതുവരെ പ്രസവിച്ചോ' എന്നും നഴ്‌സ് പരിഹസിക്കുകയും ചെയ്തു. അതേസമയം, പ്രസവം കഴിഞ്ഞശേഷവും നഴ്‌സായ അനീറ്റയുടെ ഭാഗത്തുനിന്നും മോശം പരാമര്‍ശങ്ങളുണ്ടായെന്ന് യുവതിയുടെ ഭര്‍ത്താവ് സലാം പറഞ്ഞു.

അതിനിടെ, ഗര്‍ഭിണിയോട് മോശമായി പെരുമാറിയ മാനന്തവാടി മെഡിക്കല്‍ കോളജിലെ നഴ്‌സിനെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ടിനെ ഉപരോധിച്ചു. പ്രസവത്തിനെത്തിയ യുവതിയെ മര്‍ദ്ദിക്കുകയും പ്രസവം നിര്‍ത്തണമെന്നാവശ്യപ്പെടുകയും ചെയ്തത് ഗുരുതരമായ കൃത്യവിലോപമാണ്. അന്വേഷണം നടക്കുകയാണെന്നും മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു. ഹാരിസ് കാട്ടിക്കുളം, കബീര്‍ മാനന്തവാടി, മുസ്തഫ തയ്യുള്ളതില്‍, ജലീല്‍ പടയന്‍, അസീസ് വി പി, ശുഹൈബ് കോട്ടാളന്‍ പങ്കെടുത്തു.

Tags:    

Similar News