കണ്ണൂരില്‍ തരൂരിന്റെ പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പങ്കെടുക്കും; നിലപാട് വ്യക്തമാക്കി റിജില്‍ മാക്കുറ്റി

Update: 2022-11-20 15:17 GMT

കണ്ണൂര്‍: മലബാര്‍ പര്യടനത്തിന്റെ ഭാഗമായി ശശി തരൂര്‍ കണ്ണൂരില്‍ 23ന് പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് വിട്ടുനില്‍ക്കില്ല. പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനൊപ്പം തരൂരിനെ പങ്കെടുപ്പിച്ച് മറ്റ് പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും യൂത്ത് കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പറഞ്ഞു. മലബാര്‍ പര്യടനത്തിന്റെ ഭാഗമായി ശനിയാഴ്ച തരൂര്‍ കോഴിക്കോട് നടത്തിയ പരിപാടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചിരുന്നെങ്കിലും റിജില്‍ മാക്കുറ്റി പങ്കെടുത്തിരുന്നു.

കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ നടപടികളെ ഭയക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി വ്യക്തമാക്കി. കണ്ണൂരിലെ ശശി തരൂരിന്റെ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അനൗദ്യോഗിക തീരുമാനമെടുത്തിരുന്നു. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ പരിപാടിയെക്കുറിച്ച് അറിയിക്കാത്ത സാഹചര്യത്തിലായിരുന്നു ഇത്തരമൊരു തീരുമാനം. എന്നാല്‍, പരിപാടിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ടതില്ലെന്നാണ് ഏറ്റവുമൊടുവില്‍ ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

കോഴിക്കോട് താന്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ലായിരുന്നു. തന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുദിവസം നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് ശശി തരൂരിന്റെ ആവശ്യം. സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി നല്‍കുമെന്ന് എം കെ രാഘവന്‍ എംപിയും വ്യക്തമാക്കി.

സംഭവം അതീവ ഗൗരവകരമാണെന്നും ഇക്കാര്യം അന്വേഷിക്കാന്‍ കെപിസിസി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവന്‍ എംപി ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാല്‍ തെളിവ് നല്‍കാന്‍ തയ്യാറാണ്. ബന്ധപ്പെട്ട എല്ലാവരോടും കൂടിയാലോചന നടത്തിയ ശേഷമാണ് താന്‍ തരൂരിന്റെ പരിപാടികള്‍ നിശ്ചയിച്ചതെന്നും എം കെ രാഘവന്‍ പറഞ്ഞു. നെഹ്‌റു ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മതേതരത്വവും സംഘപരിവാറും എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.

Tags:    

Similar News