ട്രെന്‍ഡി ത്രെഡ് ബാംഗിള്‍സ്
ഒറ്റ നിറത്തിലുള്ള കുപ്പിവളയുമിട്ട് നടന്നിരുന്ന പെണ്‍കുട്ടികളുടെ കൈയിലെ വള കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. വളയിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് ത്രെഡ് ബാംഗിളുകളാണ്.
കണ്ണടച്ചു തുറക്കും മുമ്പേയാണ് ഫാഷന്‍ മാറി മറിയുന്നത്. ഇന്നത്തെ ട്രെന്‍ഡ് ഇറങ്ങി രണ്ടു ദിവസം കഴിയുമ്പോള്‍ ഫീല്‍ഡ് ഒൗട്ട് ആകും. ഫാഷന്‍ ആക്സസറീസിന്റെ കാര്യത്തില്‍ നമ്മുടെ കേരളവും ഒട്ടും പിന്നിലല്ല. ഒറ്റ നിറത്തിലുള്ള കുപ്പിവളയുമിട്ട് നടന്നിരുന്ന പെണ്‍കുട്ടികളുടെ കൈയിലെ വള കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. വളയിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് ത്രെഡ് ബാംഗിളുകളാണ്.
വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയ ത്രെഡ് വളകള്‍ ട്രെന്‍ഡി ലുക്ക് നല്‍കുമെന്നതില്‍ യാതൊരു സംശയവുമില്ല. ഡിസൈനിലെ സവിശേഷതയാണ് സില്‍ക്ക് ത്രെഡ് വളകളെ മനോഹരിയാക്കുന്നത്. വീതി കൂടിയതും കുറഞ്ഞതുമായ തടി വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയാണ് ത്രെഡ് വളകള്‍ ഒരുക്കുന്നത്. ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിവിധ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ മള്‍ട്ടി കളര്‍ ഡിസൈന്‍ വളകള്‍ എന്നിങ്ങനെ പോകുന്നു ത്രെഡ് വളകളിലെ പുതുമ.
സ്വര്‍ണ വര്‍ണമുള്ള നൂലിഴകള്‍ തുന്നിയ വളകള്‍ക്കും ഡിമാന്‍ഡുണ്ട്. പത്ത് മുതല്‍ അന്പത് രൂപ വരെയാണ് വില. ഫ്ളൂറസന്‍റ് പച്ച, പിസ്ത ഗ്രീന്‍, എലൈറ്റ് റെഡ്, പര്‍പ്പിള്‍, കോപ്പര്‍ നിറങ്ങളില്‍ ത്രെഡ് ബാംഗിള്‍സ് ലഭ്യമാണ്. സാരി, കുര്‍ത്ത, ചുരിദാര്‍… വസ്ത്രം ഏതുമാകട്ടെ, ത്രെഡ് ബാംഗിളുകള്‍ അണിഞ്ഞാല്‍ സൂപ്പര്‍ ലുക്കായിരിക്കും.
പിന്നെ മറ്റൊരു കാര്യം, കടയില്‍ പോയി ത്രെഡ് ബാംഗിളുകള്‍ വാങ്ങാന്‍ കാഷ് മുടക്കാന്‍ വിഷമമുണ്ടെങ്കില്‍ നോ പ്രോബ്… പഴയ വള ഇരിപ്പില്ലേ? പട്ടുനൂല്‍ വാങ്ങി, ഗ്യാപ്പില്ലാതെ അതില്‍ ചുറ്റി ത്രെഡ് ബാംഗിളുകള്‍ നിങ്ങള്‍ക്കു സ്വന്തമായിത്തന്നെ ഉണ്ടാക്കാം.