തിരുവനന്തപുരം: കൊവിഡ് 19 നേരിടാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് പ്ലാന്‍ എ, ബി, സി എന്നിവ തയ്യാറാക്കിയിട്ടുണ്ട്. എന്താണീ പ്ലാനുകളെന്ന് അറിയേണ്ടേ.
പ്ലാന്‍ എ
ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നു വന്ന വിദ്യാര്‍ഥിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പ്ലാന്‍ എയും പ്ലാന്‍ ബിയും തയ്യാറാക്കുകയും പ്ലാന്‍ എ നടപ്പാക്കുകയും ചെയ്തു. 50 സര്‍ക്കാര്‍ ആശുപത്രികളും 2 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 52 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ എ നടപ്പാക്കിയത്. 974 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 242 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇത് ഉദ്ദേശിച്ച ഫലം കാണുകയും സ്ഥിരീകരിച്ച മൂന്നുപേരും രോഗമുക്തി നേടുകയും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കുകയും ഒന്നാംഘട്ടം വിജയിക്കുകയും ചെയ്തു.
പ്ലാന്‍ ബി
വുഹാനില്‍ നിന്നു ആദ്യ കേസ് വന്നപ്പോള്‍ പ്ലാന്‍ എയോട് അനുബന്ധമായാണ് പ്ലാന്‍ ബിയും തയ്യാറാക്കിയത്. 71 സര്‍ക്കാര്‍ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 126 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ ബി ആവിഷ്‌ക്കരിച്ചത്. 1408 ഐസൊലേഷന്‍ കിടക്കകള്‍ സജ്ജമാക്കുകയും 17 ഐസൊലേഷന്‍ കിടക്കകള്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ പ്ലാന്‍ എയാണ് നടപ്പാക്കി വരുന്നത്. പ്ലാന്‍ എയില്‍ 1000ത്തോളം ഐസൊലേഷന്‍ കിടക്കകളുള്ളതിനാലും അത്രത്തോളം രോഗികളില്ലാത്തതിനനാലും പ്ലാന്‍ ബിയിലേക്ക് കടക്കേണ്ട സാഹചര്യം വന്നിട്ടില്ല.
പ്ലാന്‍ സി
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്നെത്തിയ പത്തനംതിട്ടയിലെ മൂന്നംഗ കുടുംബത്തിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അടുത്ത രണ്ട് ബന്ധുക്കള്‍ക്കും മാര്‍ച്ച് 8ന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് പ്ലാന്‍ സി തയ്യാറാക്കിയത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹിക അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ നമുക്ക് പിടിച്ച് നില്‍ക്കാനാവും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായി കൂടുതല്‍ കേസുകള്‍ ഒന്നിച്ച് വന്നാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ സഹകരണത്തോടെയാണ് പ്ലാന്‍ സി നടപ്പാക്കുക. ഇതിനായി പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസൊലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുകൂടാതെ പ്ലാന്‍ ബിയിലും സിയിലുമായി 218 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്ലാന്‍ സിയില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പുവരുത്തും.