കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍;അറിഞ്ഞിരിക്കേണ്ടതെല്ലാം

Update: 2022-01-06 09:19 GMT

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഓഫ് ലൈനിലേക്ക് മാറുകയും, ഒമിക്രോന്‍ ലോകം മുഴുവന്‍ പടര്‍ന്നു കൊണ്ടിരിക്കുകയും ചെയുമ്പോള്‍ കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാന്‍ നമ്മുടെ മുന്നിലുള്ള ഒരേ ഒരു വഴി വാക്‌സിനേഷന്‍ മാത്രമാണ്.അതുകൊണ്ട് തന്നെ 15 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്നതിനായി ശ്രദ്ധിക്കാം. എന്നാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്

അലര്‍ജി ഉള്ള കുട്ടികള്‍ക്ക് പ്രത്യേക കരുതല്‍ നല്‍കാം

മണ്ണ്, പൊടി, ഭക്ഷണം എന്നിവയോടുള്ള അലര്‍ജി വാക്‌സിനേഷനെ കാര്യമായി ബാധിക്കില്ല.എന്നാല്‍ ചില കുട്ടികള്‍ക്ക് ചില മരുന്നുകള്‍ റിയാക്ഷന്‍ ഉണ്ടാക്കിയേക്കാം.ഇത്തരത്തില്‍ അലര്‍ജിയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍പ് ഡോക്ടറോട് അഭിപ്രായം ചോദിക്കേണ്ടത് അത്യാവശ്യമാണ്.

ഉറക്കവും ഭക്ഷണവും കൃത്യമാക്കാം

വാക്‌സിന്‍ എടുക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ കുട്ടികളുടെ ഉറക്കം, ഭക്ഷണം എന്നിവ കൃത്യമാക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യപ്രദമായ പോഷകാഹാരങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിപ്പിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല, ചെറിയ തോതിലുള്ള വ്യായാമങ്ങള്‍ ചെയ്യാനും ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ പരിഗണന നല്‍കുന്നത് കുട്ടികളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

വിശ്രമം

വാക്‌സിന്‍ എടുത്ത് കഴിഞ്ഞാല്‍ വിശ്രമം നല്ലതാണ്.നന്നായി വെള്ളം കുടിക്കുകയും ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.

ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍

വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ചെറിയ തോതിലുള്ള പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടേക്കാം. പനി, കൈ വീക്കം, സന്ധി വേദന തുടങ്ങിയവ സാധാരണമായി അനുഭവപ്പെടാറുണ്ട്. വാക്‌സിന്‍ ശരീരത്തില്‍ പ്രതികരിച്ചു തുടങ്ങുന്നതിന്റെ ലക്ഷണമായി മാത്രം ഇതിനെ കണ്ടാല്‍ മതി. ഇതില്‍ പേടിക്കേണ്ട ആവശ്യമില്ല.

പാര്‍ശ്വഫലങ്ങള്‍ അസാധാരണമായാല്‍

വലിയ തോതിലുള്ള അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ, അസാധാരണമായ രീതിയില്‍ പനി തുടരുകയോ, അസഹനീയമായ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ സമീപിക്കുക.

വാക്‌സിനേഷന് ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ,പാരസെറ്റമോളോ നല്‍കേണ്ടതില്ല

കൈയില്‍ വാക്‌സിന്‍ എടുത്ത സ്ഥലത്ത് ഐസ് ക്യൂബ് ഉപയോഗിക്കുന്നത് വേദന കുറയാന്‍ ഒരു പരിധിവരെ സഹായകമാകും.

വാക്‌സിനേഷന് ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ,പാരസെറ്റമോളോ നല്‍കേണ്ടതില്ലെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കുന്നത്. കോവാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കി വരുന്നത്.മറ്റ് ചില കൊവിഡ് പ്രതിരോധ വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റമോള്‍ ശുപാര്‍ശ ചെയ്യുന്നുണ്ടെങ്കിലും കുട്ടികള്‍ക്ക് നല്‍കുന്നത് കോവാക്‌സിനായതിനാല്‍ വേദന സംഹാരികളുടെ ആവശ്യമില്ല.

Tags:    

Similar News