ഹാര്‍ട്ട് ഫെയ്‌ല്യര്‍ മരണ നിരക്ക് കാന്‍സറിനേക്കാള്‍ കൂടുതലെന്ന് ഹൃദ്രോഗവിദഗ്ദര്‍

കഠിനമായ ഹൃദയാഘാതത്തിന്റെ അനന്തര ഫലമായി ഹാര്‍ട്ട് ഫെയ്‌ല്യര്‍ സംഭവിച്ച രോഗികളുടെ എണ്ണവും കുറവല്ല. ഇരട്ടി ക്ലേശമാണ് ഇവര്‍ക്കുള്ളത്.50 % രോഗികളിലെ മുന്‍കൂട്ടിയുള്ള രോഗ നിര്‍ണ്ണയം സാധ്യമാവുന്നുള്ളൂ.രോഗനിര്‍ണ്ണയത്തിന് മെച്ചപ്പെട്ട പദ്ധതികള്‍ ആവശ്യം

Update: 2019-07-22 07:17 GMT

കൊച്ചി: ഹാര്‍ട്ട് ഫെയ്‌ല്യര്‍ മരണ നിരക്ക് കാന്‍സറിനേക്കാള്‍ കൂടുതലാണെന്നും അറുപത് വയസ്സിന് മുകളിലുള്ളവരേക്കാള്‍ താരതമ്യേന ഹാര്‍ട്ട് ഫെയ്‌ല്യര്‍ കൂടുതലുള്ളത് ,ഇവിടെ ചെറുപ്പക്കാര്‍ക്കാണെന്നാണ് പഠന റിപോര്‍ട് വ്യക്തമാക്കുന്നതെന്നും ഹൃദ്രോഗവിദഗ്ദന്‍ ഡോ. അംബുജ് റോയ്. ഹോട്ടല്‍ ലേ മെറിഡിയനില്‍ നടക്കുന്ന കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഹാര്‍ട്ട് ഫെയ്‌ല്യര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച സി എസ് ഐ ഹാര്‍ട്ട് ഫെയ്‌ല്യര്‍ കൗണ്‍സിലിന്റെ സ്നാപ് സര്‍വേ ഫലത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഠിനമായ ഹൃദയാഘാതത്തിന്റെ അനന്തര ഫലമായി ഹാര്‍ട്ട് ഫെയ്‌ല്യര്‍ സംഭവിച്ച രോഗികളുടെ എണ്ണവും കുറവല്ല. ഇരട്ടി ക്ലേശമാണ് ഇവര്‍ക്കുള്ളതെന്നും പറഞ്ഞു.50 % രോഗികളിലെ മുന്‍കൂട്ടിയുള്ള രോഗ നിര്‍ണ്ണയം സാധ്യമാവുന്നുള്ളൂവെന്ന് സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എസ് രാമകൃഷ്ണന്‍ പറഞ്ഞു. രോഗനിര്‍ണ്ണയത്തിന് മെച്ചപ്പെട്ട പദ്ധതികള്‍ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.ഹൃദയാരോഗ്യം നിലനിര്‍ത്തുകയാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗമെന്ന് സി എസ് ഐ നിയുക്ത പ്രസിഡെന്റ ഡോ. എം കെ ദാസ് പറഞ്ഞു. ചിട്ടയായ അരോഗ്യ പരിശോധന, വ്യായമം, നല്ല ആഹാരക്രമം, രക്ത സമ്മര്‍ദ്ദം , പഞ്ചസാരയുടെ അളവ്, കൊളസ്ട്രോള്‍, ശരീരഭാരം എന്നിവ ശ്രദ്ധിച്ചാല്‍ രോഗാവസ്ഥയെ മാറ്റി നിര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.ഹാര്‍ട്ട് ഫെയില്യര്‍ മൂലം ഒരു വര്‍ഷത്തില്‍ 30% മരണനിരക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ.എ ജാബിര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനിടയില്‍ 50% മാത്രമാണ് അതിജീവന നിരക്ക്. മിക്ക രോഗികളേയും ആറുമാസത്തിനുള്ളില്‍ വീണ്ടും ആശൂപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്.ഹാര്‍ട്ട് ഫെയില്യര്‍ ഹൃദയാഘാതത്തില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിന് പൊതുവായ അവബോധം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ദുര്‍ബലമാവുന്നതാണ് ഹാര്‍ട്ട് ഫെയ്‌ല്യര്‍. ഹൃദയാഘാതം ഒരു കാരണം മാത്രമാണ്. ഹൃദയപേശികളുടെ വീക്കം, ജന്‍മനായുള്ള ഹൃദ്രോഗങ്ങള്‍, പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, ഹൃദയ താളപ്പിഴകള്‍, അമിത വണ്ണം, വൃക്കാ രോഗങ്ങള്‍ എന്നിവയും ഹാര്‍ട്ട് ഫെയ്‌ല്യറിലേക്ക് നയിക്കാമെന്നും ഡോ. ജാബിര്‍. എ പറഞ്ഞു. ശരീരാവശ്യങ്ങള്‍ക്കായി അറയില്‍ നിന്ന് 55% മുതല്‍ 70% വരെ രക്തം പ്രധാന രക്ത അറ പമ്പ് ചെയ്യേണ്ടതുണ്ട്. ഇജക്ഷന്‍ ഫ്രാക്ഷനിലാണ് ഇത് അളക്കുന്നത്. 35% ത്തില്‍ താഴെയാണെങ്കില്‍ കടുത്ത ഹാര്‍ട്ട് ഫെയ്‌ല്യര്‍ ഉള്ളതായി പറയാമെന്നും ഡോ. ജാബിര്‍ പറഞ്ഞു.ഇന്ത്യയിലെ ഹൃദയ ഫെയില്യര്‍ ചികിത്സാ ഫലങ്ങള്‍ മെച്ചപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന സന്ദേശം. ഇതു മൂലം ഉണ്ടാവുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഏറ്റവും പുതിയ രോഗ നിര്‍ണ്ണയവും അത്യന്താധുനിക ചികിത്സാ ഉപാധികളും സമ്മേളനം ചര്‍ച്ച ചെയ്തു.ആരോഗ്യകരമായ ഹൃദയം, ഹൃദ്രോഗ പ്രതിരോധം, വ്യായാമത്തിന്റെ ആവശ്യകത എന്നിവയുടെ പ്രചരണത്തിനായി 20 കി.മി സൈക്ലത്തോണ്‍ നടന്നു. ഹാര്‍ട്ട് ഫെയിലര്‍ സൊസൈറ്റി ഓഫ് അമേരിക്ക പ്രസിഡന്റ് പ്രഫ. റണ്‍ഡാള്‍ സ്റ്റാര്‍ലിങ്ങ് ഫ്ളാഗ് ഓഫ് നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടക ചെയര്‍മാന്‍ ഡോ.പി പി മോഹനന്‍ പറഞ്ഞു. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ അമ്പതിലധികം ശാസ്ത്ര സെഷനുകളും മൂന്ന് പ്രധാന വര്‍ക്ക്ഷോപ്പുകളും നടന്നു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണൂറിലധികം ഹൃദ്രോഗ വിദഗ്ദ്ധര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സി എസ് ഐ കേരള ചാപ്റ്ററാണ് സമ്മേളനത്തിന്റെ സംഘാടകര്‍.

Tags:    

Similar News