പൂക്കളും,ചെടികളുമായി ഹരിതാഭമായി നില്‍ക്കുന്ന വീട് കാണാന്‍ തന്നെ ഭംഗിയാണ്.പക്ഷെ പൂന്തോട്ടങ്ങള്‍ നട്ടു വളര്‍ത്തിയുണ്ടാക്കാനുള്ള സ്ഥലത്തിന്റെ ലഭ്യത കുറവാണ് ഗാര്‍ഡനിങ് എന്ന ആശയത്തില്‍ നിന്ന് മിക്കവരെയും പിന്നോട്ട് വലിക്കുന്നത്.എന്നാല്‍ വളരെ പരിമിതമായ സ്ഥലത്ത് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ്.ഫ്‌ലാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കാണ് വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങ് ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ കഴിയുക.
ഔട്ട്‌ഡോര്‍ ആയും ഇന്‍ഡോര്‍ ആയും നമുക്ക് വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യാം. ചെടികളുടെ വളര്‍ച്ചയ്ക്കു വേണ്ടി നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കണമെന്നേയുള്ളൂ. മതില്‍, അകത്തെ ചുമരുകള്‍, നടുമുറ്റം തുടങ്ങി പലയിടത്തും വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ സെറ്റ് ചെയ്യാം. അനുയോജ്യമായ ഇടവും കാലാവസ്ഥയുമാണ് പ്രധാനം.
സെറ്റ് ചെയ്യേണ്ട വിധം
ഗാര്‍ഡന്‍ സെറ്റ് ചെയ്യാന്‍ അനുയോജ്യമായ ചുമര് തിരഞ്ഞെടുക്കുക.
അതിനു ശേഷം ഫ്രെയിം ഉണ്ടാക്കണം.
ഫ്രെയിമിനു പിറകില്‍ വയര്‍മെഷ് പിടിപ്പിക്കുക.
അതിലേക്ക് പോട്ടുകള്‍ ഘടിപ്പിക്കുക.
മണ്ണ്, കൊക്കോപീറ്റ് അല്ലെങ്കില്‍ ചകിരിച്ചോര്‍, വെര്‍മിക്കുലൈറ്റ്, കംപോസ്റ്റ്, പെര്‍ലൈറ്റ് എന്നിവയടങ്ങുന്ന മിശ്രിതം പോട്ടില്‍ നിറയ്ക്കുക. വെര്‍മിക്കുലൈറ്റ് വെള്ളം വാര്‍ന്നു പോകാനും പെര്‍ലൈറ്റ് വെള്ളം തങ്ങിനില്‍ക്കാനുമാണ് ഉപയോഗിക്കുന്നത്. ആവശ്യാനുസരണം ഉപയോഗിക്കുക.
ചെടി നട്ടതിനു ശേഷം ഫ്രെയിമില്‍ ഘടിപ്പിക്കുക.
നന്നായി നനയ്ക്കുക.ചെറിയ രീതിയിലുള്ളവയ്ക്ക് ഹാന്‍ഡ് സ്‌പ്രേയറും വലിയ തോതിലുള്ളവയ്ക്ക് ഡ്രിപ് ഇറിഗേഷനും ഉപയോഗിച്ച് ചെടികള്‍ നനയ്ക്കാം.
ചെടികള്‍ക്ക് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന അനുയോജ്യമായ ഇടം തിരഞ്ഞെടുക്കണം.
വെര്‍ട്ടിക്കല്‍ ഗാര്‍ഡനിങിനുള്ള ഫ്രയിമുകള്‍
പലതരത്തിലും ആകൃതിയിലുമുള്ള ഫ്രെയിമുകള്‍ പലതരം സാമഗ്രികള്‍ കൊണ്ടു നിര്‍മിക്കാം.
മെറ്റല്‍ ഫ്രെയിം ആണെങ്കില്‍ വെര്‍ട്ടിക്കല്‍ പോട്ടുകള്‍ എളുപ്പത്തില്‍ ഘടിപ്പിക്കാം. പ്ലാസ്റ്റിക് കൊണ്ടുള്ള ഫ്രെയിംആണെങ്കില്‍ പ്ലാസ്റ്റിക് ഷീറ്റ് ഘടിപ്പിക്കണം. പോട്ടുകള്‍ക്കു പകരം ഷീറ്റിലുള്ള ഫാബ്രിക് പോക്കറ്റില്‍ ചെടി വയ്ക്കാം.
പ്ലാസ്റ്റിക് പോട്ടുകള്‍, വുഡന്‍ ബോക്‌സ്, ഫാബ്രിക് പൗച്ച്, സെറാമിക് പോട്ട്, പ്ലാസ്റ്റിക് ബാഗ് തുടങ്ങിയവയും ഉപയോഗിക്കാം.
പരിചരണം
വീടുകളിലുള്ള ചെറിയ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ പരിചരണം വളരെ എളുപ്പമാണ്. എന്നാല്‍ വലിയ തോതിലുള്ളവയുടെ പരിചരണം പ്രയാസമാണ്.ഡ്രിപ്പിങ് സിസ്റ്റത്തിലൂടെ നനയ്ക്കാനും വളമേകാനും കഴിയുമെങ്കിലും ഉണങ്ങിയതും ആവശ്യമില്ലാത്തതുമായ ഇലകള്‍ നീക്കുന്നതിനു ബുദ്ധിമുട്ടാണ്.നല്ല വെര്‍ട്ടിക്കല്‍ ഗാര്‍ഡന് അവശ്യം വേണ്ടത് ആവശ്യത്തിനു വളവും കൃത്യസമയങ്ങളിലുള്ള നനയുമാണ്. അങ്ങനെയെങ്കില്‍ ആരോഗ്യമുള്ള ചെടി ലഭിക്കും. പ്രൂണിങ്ങും യഥാസമയം ചെയ്യണം. ഉണങ്ങിയ ഇലകള്‍, കളകള്‍ എന്നിവ നീക്കം ചെയ്യുക. വെള്ളം ശരിയായി വാര്‍ന്നു പോകാനുള്ള സംവിധാനവും വേണം. ആറ്-എട്ട് മാസങ്ങള്‍ക്കു ശേഷം റീപോട്ടിങ് ചെയ്യണം. അപ്പോള്‍ വളത്തിനായി ഗാര്‍ഡന്‍ മിക്‌സ്ചര്‍ ചേര്‍ക്കുകയുമാകാം.വെള്ളം കൂടിയാല്‍ വേര് ചീയാന്‍ സാധ്യതയുണ്ട്. വെള്ളം കുറഞ്ഞാലും പ്രശ്‌നമാണ്, ഇലകള്‍ ഉണങ്ങിപ്പോവും.അതിനാല്‍ ആവശ്യമായ വെള്ളം മാത്രം ചെടികള്‍ക്ക് നല്‍കുക.
എല്ലാ ചെടികളും വെര്‍ട്ടിക്കല്‍ ഗാര്‍ഡനു ചേരുന്നതല്ല. ഒരു ചുമരിലോ ചുമരുപോലെയോ ക്രമപ്പെടുത്തുന്നതിനാല്‍ അധികം ഉയരമില്ലാത്ത, എന്നാല്‍ നന്നായി ഇലകളുള്ള ചെടികളാണ് അഭികാമ്യം. പെട്ടെന്ന് നശിച്ചുപോകാത്ത തരത്തിലുള്ള മണിപ്ലാന്റുകള്‍, വിവിധതരം ചീരകള്‍, റിബണ്‍ ഗ്രാസ്, നീഡില്‍ ഗ്രാസ് എന്നിവയാണ് കൂടുതലായും ഉപയോഗിക്കുന്നത്. മണിപ്ലാന്റുകള്‍ മൂന്നുതരത്തിലുണ്ട്. പച്ച, വെള്ള, മഞ്ഞനിറത്തിലുള്ള മണിപ്ലാന്റുകളില്‍ പച്ചനിറത്തിനാണ് ഡിമാന്‍ഡ് കൂടുതല്‍.സിങ്കോണിയം, ഡ്രസീനിയ, ബ്രോമിലാക്‌സ് എന്നിങ്ങനെയുള്ള ചെടികള്‍ അകത്തളങ്ങളെ കൂടുതല്‍ മനോഹരമാക്കും.
ചെറിയ തോതിലുള്ള വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പരിപാലിക്കാന്‍ വളരെ എളുപ്പമാണ്.ജോലിക്കു പോകുന്നവര്‍ക്കും വീടുകളില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ നല്‍കാം. ദിവസത്തിലൊരിക്കല്‍ വെള്ളമൊഴിച്ചാല്‍ മതി. അവധി ദിവസങ്ങളില്‍ വളമിടാനും പരിചരണത്തിനുമായി കുറച്ചു സമയം മാറ്റി വച്ചാല്‍ മതിയാകും. പച്ചക്കറി വേസ്റ്റ് മൂന്നു ദിവസം വച്ചിരുന്ന് അതില്‍ നിന്ന് ഊറിവരുന്ന വെള്ളത്തില്‍ നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിക്കുന്നത് നല്ല വളമാണ്.