ബാഴ്‌സലോണ: ലോക ക്ലബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലും റെക്കോഡുകള്‍ ഏറെ വാരിക്കൂട്ടുന്നവരാണ് സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. എന്നാല്‍ ഇത്തവണ റെക്കോഡിന്റെ കാര്യത്തില്‍ നറുക്കുവീണത് മെസ്സിക്കാണ്. സ്പാനിഷ് ലീഗിലാണ് താരം വീണ്ടുമൊരു റെക്കോഡ് കുറിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്പാനിഷ് ലീഗ് മല്‍സരങ്ങള്‍ കളിക്കുന്ന സ്‌പെയിനുകാരനല്ലാത്ത താരമെന്ന റെക്കോഡാണ് ഇന്നലെ ജിറോണയ്‌ക്കെതിരേ ഇറങ്ങിയതോടെ മെസി സ്വന്തമാക്കിയത്. സ്പാനിഷ് ലീഗില്‍ തന്റെ 423ാം മല്‍സരത്തിലാണ് ജിറോണയ്‌ക്കെതിരേ മെസി ബൂട്ട്‌കെട്ടിയത്. 422 മല്‍സരങ്ങള്‍ കളിച്ച ബ്രസീലിന്റെ മുന്‍ ബാഴ്‌സലോണ താരം ഡാനി ആല്‍വ്‌സിന്റെ റെക്കോഡാണ് ഇന്നലെ മെസി സ്വന്തം പേരിലാക്കിയത്. മെസിയാണ് ലീഗിലെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനും.
ജിറോണയ്‌ക്കെതിരേ മെസ്സി ഗോള്‍ കണ്ടെത്തിയെങ്കിലും ചുവപ്പ് കാര്‍ഡ് കണ്ട മല്‍സരത്തില്‍ 2-2ന് സമനിലയില്‍ പിരിയാനായിരുന്നു വിധി.