കാര്‍ഡിഫിന്റെ കഥ കഴിച്ച് ലിവര്‍പൂള്‍

Update: 2018-10-28 11:10 GMT

ലിവര്‍പൂള്‍: ചാംപ്യന്‍സ് ലീഗ് ഇടവേളയ്ക്ക് ശേഷം തുടങ്ങിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ചാംപ്യന്‍ഷിപ് കടന്നെത്തിയ കാര്‍ഡിഫ് സിറ്റിയെ 4-1നാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ലിവര്‍പൂളിന് സെനഗല്‍ താരം സാദിയോ മാനെ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഈജിപ്ഷ്യന്‍ ഗോള്‍ മെഷീന്‍ മുഹമ്മദ് സലാഹ്, സ്വിസ് സൂപ്പര്‍ ഷൂട്ടര്‍ ഷെര്‍ദന്‍ ഷാക്കിരി എന്നിവരും എതിര്‍പോസ്റ്റിലേക്ക് നിറയൊഴിച്ചു. ജയത്തോടെ 26 പോയിന്റുമായി അവര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.
മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ലിവര്‍പൂളിന് വെല്ലുവിളി ഉയര്‍ത്താന്‍ കാര്‍ഡിഫിന് ആയില്ല. കാര്‍ഡിഫിന് പന്ത് തൊടാന്‍ പോലും ലഭിച്ചത് വിരളമായാണ്. മല്‍സരത്തിന്റെ 10ാം മിനിറ്റില്‍ തന്നെ സലാഹിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. പക്ഷെ പിന്നീട് ലിവര്‍പൂള്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേടാനായില്ല.
രണ്ടാം പകുതിയിലും ഏതാനും മിനിറ്റുകള്‍ കാര്‍ഡിഫ് പിടിച്ചു നിന്നെങ്കിലും 66ാം മിനിറ്റില്‍ മാനെയുടെ മികച്ച ഗോളില്‍ ചെമ്പട ലീഡ് രണ്ടാക്കി. എന്നാല്‍ 77ാം മിനിറ്റില്‍ കാര്‍ഡിഫ് ഗോള്‍ നേട്ടം ഒന്നാക്കി ചുരുക്കി. ലിവര്‍പൂള്‍ പ്രതിരോധത്തെ തീരെ പരീക്ഷിക്കാതെ നിന്ന അവര്‍ക്ക് വേണ്ടി പീറ്റേഴ്‌സനാണ് ഗോള്‍ മടക്കിയത്. ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന ലിവര്‍പൂളിന് പിന്നീട് 84ാം മിനിറ്റില്‍ ഷാക്കിരി മൂന്നാം ഗോള്‍ സമ്മാനിച്ചു. തുടര്‍ന്ന് മൂന്ന് മിനിറ്റുകള്‍ക്കകം മാനെ കൂടി ഗോള്‍ നേടിയതോടെ 4-1ന്റെ വമ്പന്‍ ജയം ലിവര്‍പൂളിനൊപ്പം നിന്നു.
Tags:    

Similar News