ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പു തുടരുന്ന ലിവര്‍പൂളിന് ഇംഗ്ലീഷ് കരബാവോ കപ്പില്‍ ചെല്‍സിയുടെ ഫുള്‍സ്റ്റോപ്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ചെല്‍സിയുടെ വിജയം. ലിവര്‍പൂളിന്റെ സ്വന്തം തട്ടകത്താണ് പരാജയമെന്നത് തോല്‍വിയുടെ ആഴം കൂട്ടുന്നു. മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ടതോടെ ലിവര്‍പൂള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
സീസണിലിതുവരെ നടന്ന എല്ലാ മല്‍സരങ്ങളിലും വെന്നിക്കൊടി നാട്ടിയാണ് ലിവര്‍പൂള്‍ ചെല്‍സിയെ നേരിടാനെത്തിയത്. എന്നാല്‍ അനായാസ ജയം സ്വന്തമാക്കാമെന്നുറച്ച്് സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലാഹിനെയും റോബര്‍ട്ടോ ഫില്‍മിനെയും പകരക്കാരായി ബെഞ്ചിലിരുത്തിയും ഗോളി അലിസനടക്കമുള്ള മികച്ച താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചും ലിവര്‍പൂള്‍ കോച്ച് ജര്‍ഗന്‍ ക്ലോപ് കരുക്കള്‍ നീക്കിയപ്പോള്‍ ഇങ്ങനെയൊരു തോല്‍വി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഗോള്‍ രഹിതമായി നിന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ലീഡ് നേടിയ ശേഷമാണ് ലിവര്‍പൂള്‍ തോല്‍വി വഴങ്ങിയത്. ഇതോടെ ചെല്‍സി നാലാം റൗണ്ടുറപ്പിച്ചു. മറ്റ് മല്‍സരങ്ങളില്‍ ടോട്ടനം വാറ്റ്‌ഫോര്‍ഡിനെ 3-2നും ആഴ്‌സനല്‍ ബ്രണ്ട്‌ഫോര്‍ഡിനെ 3-1നും പരാജയപ്പെടുത്തി.
59ാം മിനിറ്റില്‍ ഡാനിയല്‍ സ്റ്ററിഡ്ജിലൂടെ ലിവര്‍പൂളാണ് ആദ്യം ലീഡെടുത്തത്. മികച്ച ഫിനിഷിലൂടെ സ്റ്ററിഡ്ജ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. എന്നാല്‍ 79ാം മിനിറ്റില്‍ ചെല്‍സി ഒപ്പമെത്തി. റീ ബൗണ്ടില്‍ എമേഴ്‌സന്‍ പാല്‍മെരിയാണ് ചെല്‍സിക്കായി സമനില കണ്ടെത്തിയത്. ചെല്‍സി ജഴ്‌സിയില്‍ എമേഴ്‌സന്റെ ആദ്യ ഗോളായിരുന്നു അത്.
56ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഹസാര്‍ഡിന്റെ വണ്ടര്‍ ഗോളിലൂടെ ചെല്‍സി വിജയതീരമണിഞ്ഞു. ലിവര്‍പൂള്‍ താരങ്ങളായ നബി കെയ്റ്റയേയും ആല്‍ബെര്‍ട്ടോ മൊറേനോയേയും മറികടന്ന് ഹസാര്‍ഡ് ലിവര്‍പൂള്‍ വല കുലുക്കുകയായിരുന്നു. ഈ സീസണില്‍ ആദ്യമായാണ് ലിവര്‍പൂള്‍ തോല്‍ക്കുന്നത്. 2012ന് ശേഷം ആന്‍ഫീല്‍ഡില്‍ ഒരൊറ്റ തോല്‍വി പോലും വഴങ്ങിയിട്ടില്ല എന്ന റെക്കോഡ് ചെല്‍സി നിലനിര്‍ത്തി.
മറ്റൊരു മല്‍സരത്തില്‍ വെല്‍ബെക്കിന്റെ ഇരട്ട ഗോള്‍ മികവിലാണ് ബ്രണ്ട്‌ഫോര്‍ഡിനെതിരേ ആഴ്‌സനല്‍ ജയം അനായാസമാക്കിയത്. ആദ്യ പകുതിയിലായിരുന്നു വെല്‍ബെക്കിന്റെ രണ്ടു ഗോളുകളും പിറന്നത്. മല്‍സരത്തിലെ അഞ്ചാം മിനിറ്റിലും 37ാം മിനിറ്റിലുമായിരുന്നു അത്. പകരക്കാരനായിറങ്ങിയ അലക്‌സാണ്ടര്‍ ലക്കസാറ്റെയാണ് (90) ആഴ്‌സനലിന്റെ മൂന്നാം ഗോള്‍ നേടിയത്. മല്‍സരത്തിലെ 58ാം മിനിറ്റില്‍ അലന്‍ ജഡ്ജാണ് ബ്രെന്റ് ഫോര്‍ഡിന്റെ ആശ്വാസഗോള്‍ നേടിയത്.
വാറ്റ്‌ഫോര്‍ഡിനെതിരേ പെനല്‍റ്റിയിലാണ് ടോട്ടനം ജയിച്ചുകയറിയത്. സാധാരണ സമയത്ത് ഇരുടീമും 2-2ന്റെ സമനില നേടിയതോടെ മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കലാശിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2നാണ് ടോട്ടനം ജയം അക്കൗണ്ടിലാക്കിയത്. ഹ്യു മിന്‍ സണ്‍, എറിക് ലമേല, ഫെര്‍ണാണ്ടോ ലോറന്റെ, ഡെലെ അലി എന്നിവര്‍ ലക്ഷ്യം കണ്ടു. നേരത്തേ നിശ്ചിത സമയത്ത് ഡെലെ അലിയുടെയും എറിക് ലമേലയുടെയും ഗോള്‍ മികവിലാണ് ടോട്ടനം സമനില കണ്ടെത്തിയത്. മല്‍സരത്തിലെ 82ാം മിനിറ്റു വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ടോട്ടനം രണ്ട് ഗോളുകള്‍ നേടിയത്. 81ാം മിനിറ്റില്‍ കസബല ചുവപ്പ് കണ്ട് വാറ്റ്‌ഫോര്‍ഡ് 10 പേരായി ചുരുങ്ങിയതോടെ ടോട്ടനം ഉണര്‍ന്ന് കളിക്കുകയായിരുന്നു.