ലിവര്‍പൂള്‍: കഴിഞ്ഞ സീസണില്‍ തിളങ്ങിയെങ്കിലും ഈ സീസണില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് മികച്ച പ്രകടനം കാഴ്ചവച്ച മല്‍സരത്തിലാണ് ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. സലാഹിന്റെ ഇരട്ട ഗോള്‍ കണ്ട മല്‍സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് സെര്‍ബിയന്‍ ക്ലബ് റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്ന വിളിക്കപ്പെടുന്ന ക്രവേണ സ്വേസ്ഡയെ ലിവര്‍പൂള്‍ തകര്‍ത്തത്. റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ എന്നിവര്‍ ഓരോന്നും സ്വന്തമാക്കി.
സെര്‍ബിയന്‍ ടീമിനെതിരേയുള്ള ലിവര്‍പൂളിന്റെ ജയം വണ്‍വേ ട്രാഫിക് എന്നുതന്നെ വിശേഷിപ്പിക്കേണ്ടി വരും. അത്രയും ആധികാരിക ജയമാണ് ലിവര്‍പൂള്‍ അക്കൗണ്ടിലാക്കിയത്. മല്‍സരത്തിലെ 20ാം മിനിറ്റിലാണ് സലാഹ് ലിവര്‍പൂളിന്റെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 45ാം മിനിറ്റില്‍ ഫിര്‍മിനോ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയിലെ 51ാം മിനിറ്റില്‍ ലിവര്‍പൂളിന് അനുൂലമായി പെനല്‍റ്റി ലഭിച്ചു. പെനല്‍റ്റിയെടുക്കാനായി നായകന്‍ വിര്‍ജില്‍ വാന്‍ ഡിജിക്ക് സലാഹിനെ ഏല്‍പ്പിച്ചപ്പോള്‍ ലക്ഷ്യത്തിലെത്തിച്ച് സലാഹ് തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും കണ്ടെത്തി. തുടര്‍ന്ന് 73ാം മിനിറ്റില്‍ മികച്ച കളി പുറത്തെടുത്തിരുന്ന സലാഹിന് വിശ്രമം അനുവദിച്ചു. പകരമെത്തിയത് ഡാനിയര്‍ സ്റ്ററിഡ്ജ്. മൂന്ന് മിനിറ്റുകള്‍ക്കകം ലിവര്‍പൂളിന് വീണ്ടുമൊരു പെനല്‍റ്റി അവസരം ലഭിച്ചെങ്കിലും സാദിയോ മാനെ നിരാശപ്പെടുത്തി. എന്നാല്‍ നാല് മിനിറ്റുകള്‍ക്കകം മികച്ച നീക്കത്തിനൊടുവില്‍ പന്ത് ലക്ഷ്യത്തിലെത്തിച്ച് മാനെ ആ നിരാശ മാറ്റി. തുടര്‍ന്ന് ഗോളുകളൊന്നും പിറക്കാത്തതോടെ 4-0 ന്റെ തകര്‍പ്പന്‍ ജയം ലിവര്‍പൂളിനൊപ്പം നിന്നു. ജയത്തോടെ ലിവര്‍പൂള്‍ നാപ്പൊളിയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. മൂന്ന് കളികളില്‍ രണ്ടെണ്ണം ജയിച്ച ലിവര്‍പൂളിന് ആറ് പോയിന്റുണ്ട്. നാപ്പൊളി(5) രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പിഎസ്ജിയാണ് (4) മൂന്നാമത്.