മല്‍സരം കടുത്തതാകും; കുടമാറ്റത്തിനൊരുങ്ങി പൂരങ്ങളുടെ നാട്

കരുണാകരനെ പോലെയുള്ള വന്‍മരങ്ങളും തേക്കിന്‍കാടിന്റെ മണ്ണില്‍ കടപുഴകി വീണിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് മുണ്ടശ്ശേരിക്ക് അടിപതറിയ തൃശൂരില്‍ കരുണാകരന്റെ മകന്‍ കെ. മുരളീധരനും പരാജയം രുചിച്ചിട്ടുണ്ട്.

Update: 2019-03-12 14:10 GMT




 തൃശൂര്‍: ആരെയും സ്ഥിരമായി ലോക്‌സഭയിലേക്ക് അയക്കാത്ത മണ്ഡലമാണ് തൃശൂര്‍. പൂരത്തിലെ കുടമാറ്റം പോലെ പാര്‍ട്ടികളേയും മാറി മാറി പരീക്ഷിക്കും തൃശൂര്‍കാര്‍. ഇടതുപക്ഷത്തിനോ വലതുപക്ഷത്തിനോ ഇതുവരെ ശക്തന്റെ തട്ടകത്തില്‍ ഉരുക്കു കോട്ട കെട്ടാനായിട്ടില്ലെന്നതാണ് ചരിത്രം. കരുണാകരനെ പോലെയുള്ള വന്‍മരങ്ങളും തേക്കിന്‍കാടിന്റെ മണ്ണില്‍ കടപുഴകി വീണിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോസഫ് മുണ്ടശ്ശേരിക്ക് അടിപതറിയ തൃശൂരില്‍ കരുണാകരന്റെ മകന്‍ കെ. മുരളീധരനും പരാജയം രുചിച്ചിട്ടുണ്ട്.

പൂര്‍ണമായും തൃശൂര്‍ ജില്ലയില്‍ തന്നെയുള്ള മണ്ഡലമാണ് തൃശൂര്‍ എന്നതാണ് പ്രത്യേകത. ജില്ലയിലെ ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ കൂടിച്ചേരുമ്പോള്‍ തൃശൂര്‍ ലോക്‌സഭാ മണ്ഡലമായി. ചാലക്കുടി, ആലത്തൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലാണ് ജില്ലയിലെ അവശേഷിക്കുന്ന ഭാഗങ്ങള്‍.

1951 മുതല്‍ 2014 വരെ ഇവിടെ നടന്ന 16 തിരഞ്ഞെടുപ്പുകളില്‍ 10 പ്രാവശ്യവും വിജയം നേടിയത് ഇടതുപക്ഷമാണ്. സിപിഐ സ്ഥാനാര്‍ത്ഥികളാണ് സ്ഥിരം കളത്തിലിറങ്ങിയത്. ആറു തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും വിജയം വരിച്ചു. 2008 ലെ മണ്ഡല പുനര്‍നിര്‍ണയ ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളില്‍ ഓരോ തവണ വീതം ഇരുമുന്നണികളും നേട്ടം വരിച്ചു. അതുകൊണ്ടു തന്നെ പ്രവചനങ്ങള്‍ക്ക് അപ്പുറമാണ് തൃശൂരിലെ തിരഞ്ഞെടുപ്പ് ചിത്രം.

ഇടതു മുന്നണിയില്‍ ഇത്തവണയും സിപിഐ തന്നെയാണ് ഇവിടെ മല്‍സര രംഗത്ത്. തുടര്‍ച്ചയായി രണ്ടു തവണ സിപിഎമ്മിനെപ്പോലും തോല്‍പിച്ച ചരിത്രമുണ്ട് സിപിഐക്ക് ഇവിടെ. 1971ലും 1977ലുമാണ് അതെന്നു മാത്രം. സിപിഐയുടെ ഏക സിറ്റിങ് സീറ്റില്‍ ആദ്യം സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ഒരു പടി മുന്നില്‍ കളത്തിലിറങ്ങിയിരിക്കുകയാണ് സിപിഐ. സിറ്റിങ് എംപി സി.എന്‍. ജയദേവനു പകരം ഇത്തവണ രാജാജി മാത്യു തോമസിനാണ് നറുക്കു വീണത്.



സിറ്റിങ് എംപിയെയും കെ.പി. രാജേന്ദ്രനേയും ആദ്യം പരിഗണിച്ചെങ്കിലും അവസാനവട്ട ചര്‍ച്ചയില്‍ രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനം ഉണ്ടായി. നിലവില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ജനയുഗം എഡിറ്ററുമാണ് രാജാജി മാത്യു. 2006ല്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു രാജാജി മാത്യു തോമസ്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഗ്രൂപ്പ് സമവാക്യങ്ങള്‍ ശക്തമായ മണ്ഡലമായാണ് തൃശൂരിനെ വിലയിരുത്തുന്നത്. ആരും പാലം വലിക്കും എന്നതിനാല്‍ പൊതു സമ്മതനായ ഒരു സ്ഥാനാര്‍ഥി തന്നെ തൃശൂരില്‍ വേണ്ടി വരും എന്നതില്‍ തര്‍ക്കമില്ല.

2009 ല്‍ കോണ്‍ഗ്രസിന്റെ പി.സി. ചാക്കോ സിപിഐയുടെ സി.എന്‍. ജയദേവനെ വീഴ്ത്തിയാണ് ഇവിടെ വിജയം വരിച്ചത്. എന്നാല്‍ 2014 ല്‍ യുഡിഎഫിന് ഈ മണ്ഡലം നഷ്ടമായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കളം നിറഞ്ഞിട്ടും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് യുഡിഎഫ് താവളത്തില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. വീണ്ടും മല്‍സരിക്കാന്‍ പി.സി. ചാക്കോ തൃശൂര്‍ തിരഞ്ഞെടുക്കില്ല എന്നു തന്നെയാണ് വിലയിരുത്തല്‍. തോല്‍വിക്കു വഴിവച്ച തൃശൂര്‍ മണ്ഡലത്തിലേയ്ക്കു വരാന്‍ കെ.പി. ധനപാലനും മുതിരില്ല. നിലവില്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്റെ പേരാണ് തൃശൂരില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. പ്രതാപനും തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതായുള്ള സൂചനകള്‍ നല്‍കി കഴിഞ്ഞു. ജനകീയ പ്രതിച്ഛായയുള്ള ടി എന്‍ പ്രതാപന്‍ തന്നെ കളത്തിലിറങ്ങിയാല്‍ മല്‍സരം കടുത്തതാകും.

തൃശൂരില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. തൃശൂര്‍ സീറ്റ് ബിഡിജെഎസിന് വിട്ടു നല്‍കാനാണ് എന്‍ഡിഎ നീക്കമെന്നും വാര്‍ത്തയുണ്ട്.




Tags:    

Similar News