കണ്ണൂരില്‍ ബദല്‍ രാഷ്ട്രീയത്തിനു വോട്ട് തേടി കെ കെ അബ്ദുല്‍ ജബ്ബാര്‍
സാമ്പ്രദായിക മുന്നണികളോടുള്ള വിയോജിപ്പാണ് വോട്ടര്‍മാര്‍ അറിയിച്ചത്
കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് എസ്ഡിപിഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന കെ കെ അബ്ദുല്‍ ജബ്ബാറിന് ഹൃദ്യമായ സ്വീകരണം. യഥാര്‍ഥ ബദലിനു വേണ്ടിയുള്ള പ്രചാരണത്തില്‍ സ്ത്രീ-പുരുഷ വോട്ടര്‍മാരും കന്നി വോട്ടര്‍മാരും അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നത്. സ്ഥിരം ജയിക്കുന്നവര്‍ക്കല്ല, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന് പുതുതലമുറയും സാക്ഷ്യപ്പെടുത്തുന്നു. സാമുദായിക നേതാക്കളെ നേരില്‍ക്കണ്ടും വ്യാപാരസ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും നേരിട്ടെത്തിയപ്പോള്‍ സാമ്പ്രദായിക മുന്നണികളോടുള്ള വിയോജിപ്പാണ് വോട്ടര്‍മാര്‍ അറിയിച്ചത്. അഴീക്കല്‍ സില്‍ക്കിലെ നിയമവിരുദ്ധ കപ്പല്‍പൊളി ശാലയ്ക്കു വേണ്ടി ഇടതു-വലതു മുന്നണികള്‍ കൈകോര്‍ത്തതും സമീപവാസികളെ നിത്യരോഗികളാക്കാന്‍ കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെയും കുറിച്ച് വീട്ടമ്മമാരുള്‍പ്പെടെയുള്ളവര്‍ സങ്കടം പറഞ്ഞു. മഹാപ്രളയത്തില്‍ കേരളക്കരയാകെ മുങ്ങിത്താഴുമ്പോള്‍ കൈപിടിച്ചുയര്‍ത്തിയ കടലിന്റെ മക്കളെ കണ്ടപ്പോള്‍ ആയിക്കര ഹാര്‍ബറിലുള്ളവരെല്ലാം സുപരിചിതനായ അബ്ദുല്‍ ജബ്ബാറിനെ തേടിയെത്തി. കുശലം പറഞ്ഞും പ്രളയകാലത്ത് വള്ളങ്ങള്‍ക്കും മറ്റുമുണ്ടായ കേടുപാടുകള്‍ക്കു നഷ്ടമുണ്ടായതില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയപ്പോള്‍ കാട്ടിയ വിവേചനവും അക്കമിട്ട് നിരത്തി. കണ്ണൂര്‍ സിറ്റിയിലെ ഹംദര്‍ദ് സര്‍വകലാശാല കാംപസിലെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ ഒന്നടങ്കം ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തിയെ കുറിച്ച് വാചാലരായി. ഹിന്ദുത്വ ഫാഷിസത്തിനെതിരേ കാംപസുകളില്‍ നിന്നാണ് പ്രതിരോധം ഉയരേണ്ടതെന്ന് ഓര്‍മിപ്പിച്ചു. സെല്‍ഫിയെടുത്തും മൊബൈലില്‍ ഫോട്ടോയെടുത്തുമാണ് ജബ്ബാര്‍ക്ക എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന കെ കെ അബ്ദുല്‍ ജബ്ബാറിനെ യാത്രയാക്കിയത്. സിറ്റി ജുമാമസ്ജിദില്‍ നിന്നു വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞയുടന്‍ സ്ഥാനാര്‍ഥിയോട് പ്രചാരണത്തെ കുറിച്ചറിയാന്‍ ആബാലവൃദ്ധം ജനങ്ങളാണെത്തിയത്. ജില്ലാ ആശുപത്രിയില്‍ രോഗികളോടൊപ്പം അല്‍പ്പസമയം ചെലവിട്ടു. മുണ്ടേരി, വാരം ഭാഗങ്ങളിലും ഹൃദ്യമായ സ്വീകരണമാണു ലഭിച്ചത്. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനാല്‍ മണ്ഡലത്തിലെ എല്ലാ ഭാഗങ്ങളിലും നേരിട്ടെത്തി വോട്ടര്‍മാരെ കാണാനാണു അബ്്ദുല്‍ ജബ്ബാറിന്റെ തീരുമാനം. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബി ശംസുദ്ദീന്‍ മൗലവി, എ ആസാദ് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
അബ്ദുല്‍ ജബ്ബാര്‍ നാളെ മട്ടന്നൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 10നു മട്ടന്നൂര്‍ ഗവ. ഹോസ്പിറ്റലില്‍ നിന്നു തുടങ്ങി എച്ച്എന്‍സി ഹോസ്പിറ്റല്‍, മിഷന്‍ ഹോസ്പിറ്റല്‍, ശ്രീധരന്‍ ഹോസ്പിറ്റല്‍, ആശ്രയ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും. തുടര്‍ന്ന് മട്ടന്നൂര്‍ കോടതി പരിസരം, പാലോട്ടുപള്ളി, കള റോഡ് എന്നിവിടങ്ങളിലും കീച്ചേരി എല്‍പി സ്‌കൂളില്‍ വാര്‍ഷികാഘോഷം നടക്കുന്ന സ്ഥലത്തും പ്രചാരണം നടത്തും. കീച്ചേരിയില്‍ ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം വൈകീട്ട് 3.30ന് ഉരുവച്ചാല്‍ നിന്നു പ്രചാരണം ആരംഭിക്കും. അസര്‍ നമസ്‌കാരശേഷം നീര്‍വേലി, അളകാപുരി, മൂന്നാംപീടിക, മെരുവമ്പായി, കണ്ടംകുന്ന് പ്രദേശങ്ങളില്‍ പ്രചാരണം നടത്തും.